സംസ്ഥാനത്ത് ഓക്‌സിജൻ വില വർദ്ധന നിരോധിച്ചു; ഓക്‌സിജൻ നീക്കത്തിന് ഗ്രീൻ കോറിഡോർ അനുവദിച്ച് ഉത്തരവ്

single-img
6 May 2021

കേരളത്തില്‍ ഓക്‌സിജൻ വില വർദ്ധന നിരോധിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഇതോടൊപ്പം ഓക്‌സിജൻ സിലിണ്ടറുകൾ പൂഴ്ത്തിയാലോ കരിഞ്ചന്ത വില്പനയ്ക്ക് ശ്രമിച്ചാലോ കർശന നടപടി സ്വീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

അടിയന്തിര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മെഡിക്കൽ ഓക്‌സിജൻ സിലിണ്ടറുകൾ നിറയ്ക്കാൻ കാലതാമസം പാടില്ലെന്നും സംസ്ഥാന ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ആശുപത്രികളില്‍ രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍റെ പരമാവധി ലഭ്യത ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി.

ഓക്‌സിജൻ ലഭ്യത നിരീക്ഷിക്കാൻ ഓരോ കേന്ദ്രങ്ങളിലും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ നിയോഗിക്കും. കേരളത്തിലെ മെഡിക്കൽ ഓക്‌സിജൻ നീക്കത്തിന് ഗ്രീൻ കോറിഡോർ അനുവദിച്ചതായും ഉത്തരവിൽ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.