ചാരിറ്റിയുടെ മറവിൽ നടത്തിയത് കോടികളുടെ തട്ടിപ്പ് ; ഫിറോസ്‌ കുന്നംപറമ്പിലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ

single-img
6 May 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂരിലെ യുഡിഎഫ്‌ സ്ഥാനാർഥിയായി മൽസരിച്ച ഫിറോസ്‌ കുന്നംപറമ്പിലിനെതിരെ ഇടതുയുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ. ഫിറോസിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പല തരത്തിലുള്ള രോഗികളുടെ ചികിത്സാ സഹായത്തിന്റെ പേരിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഉള്‍പ്പെടെ പണപ്പിരിവ്‌ നടത്തുന്ന ഫിറോസിന്റെ സാമ്പത്തിക ഇടപാടുകൾ സംശയകരമാണെന്നും സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പാണ്‌ അദ്ദേഹം നടത്തുന്നതെന്നും ഡിവൈഎഫ്‌ഐ ആരോപിക്കുന്നു.

ഇത്തരത്തിലുള്ള സഹായത്തിന്റെ പേരിൽ വ്യക്തിപരമായ നേട്ടം മാത്രമാണ്‌ ഫിറോസ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറയുന്നത്. ഇതിനെല്ലാം പുറമേ സ്‌ത്രീകളെ അപമാനിക്കൽ, പിടിച്ചുപറി, ഭവനഭേദനം എന്നിങ്ങനെ നിരവധി കേസുകളും ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പേരിലുണ്ട്‌. അങ്ങിനെയുള്ള ഒരാൾക്കാണ്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ്‌ സീറ്റ്‌ വിട്ടു നൽകിയത്‌.

മലപ്പുറം ജില്ലയിൽ തന്നെ നിരവധി നേതാക്കൾ ഉണ്ടായിട്ടും മുസ്ലീം ലീഗ്‌ അനുഭാവിയായ ഫിറോസ്‌ കുന്നംപറമ്പിലിന്‌ സീറ്റ്‌ നൽകിയത്‌ നാല്‌ കോടി രൂപ കോഴ വാങ്ങിയാണെന്ന്‌ ആക്ഷേപമുയർന്നിട്ടുണ്ടെന്ന് ഡിവൈഎഫ്‌ഐയുടെ പ്രസ്താവനയില്‍ ആരോപിക്കുന്നു. ഈ ആരോപണത്തിന്റെ തെളിവാണ് അദ്ദേഹത്തിനെതിരെ യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾ തന്നെ രംഗത്തെത്തിയത്‌ എന്നും സംഘടന പറയുന്നു.

രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഫിറോസ്‌ കുന്നംപറമ്പിലിനെതിരെ വിശദമായ അന്വേഷണം നടത്തണമെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.