“തൊട്ടടുത്തുള്ളവരെ ആദ്യം സഹായിക്കൂ; പിന്നെയാകാം മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധി”: ശ്രീശാന്ത്

single-img
5 May 2021

മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രതികരണം ചര്‍ച്ചയാകുന്നു. കണ്‍മുന്‍പില്‍ പ്രയാസം അനുഭവിക്കുന്നവരുണ്ടെങ്കില്‍ അവരെ സഹായിച്ച ശേഷം മാത്രം ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കൂ എന്നാണ് ശ്രീശാന്ത് പറയുന്നത്. തന്റെ  ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ സ്റ്റോറി ആയാണ് ശ്രീശാന്ത് പ്രതികരണം രേഖപ്പെടുത്തിയത്.

‘മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിന് മുമ്പ് നിങ്ങളുടെ തൊട്ടടുത്തേക്ക് നോക്കുക. നിങ്ങളുടെ കുടുംബക്കാരോ സുഹൃത്തുക്കളോ ജോലിക്കാരോ ഈ പ്രതിസന്ധിയില്‍ കഷ്ടപ്പെടുന്നുണ്ടാകാം. അവരെ കരുത്തരാക്കുക. കാരണം പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ അവരിലേക്ക് എത്താനാകില്ല. അതിന് നിങ്ങള്‍ക്ക് മാത്രമേ കഴിയൂ’. ശ്രീശാന്ത് എഫ്ബിയില്‍ കുറിച്ചു.

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിരവധി താരങ്ങള്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു കോടി രൂപയും ഓസീസ് പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സ് 45 ലക്ഷം രൂപയും സംഭാവന നല്‍കി. നിക്കോളാസ് പുരന്‍, ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, ബ്രെറ്റ് ലീ എന്നിവരും സഹായം പ്രഖ്യാപിച്ചിരുന്നു.

ശ്രീശാന്തിന്റെ ഫേസ്ബുക് പോസ്റ്റ് ഇവിടെ കാണാം

Content Summary : S Sreesanth responds to CM and PM’s relief fund