ധോണിക്ക് പോലും സാധിച്ചിട്ടില്ലാത്ത റെക്കോഡ് സ്വന്തമാക്കി റിഷഭ് പന്ത്

single-img
5 May 2021

ഇതേവരെ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കും അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വ റെക്കോര്‍ഡിന് ഉടമയായി മാറിയിരിക്കുകയാണ് യുവതാരം റിഷഭ് പന്ത്. ഐസിസി പുറത്തിറക്കിയ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ആദ്യ പത്തിനുള്ളിലെത്തിയ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് ഇപ്പോള്‍ റിഷഭിനെ തേടിയെത്തിയിരിക്കുന്നത്.

ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങില്‍ റിഷഭ് ആറാംസ്ഥാനത്തുണ്ട്. ഇന്ത്യയുടെ ക്യാപ്റ്റന്‍ വിരാട് കോലിയാണ് റിഷഭിന് തൊട്ടുമുകളിലായി റാങ്കിങില്‍ അഞ്ചാമത്. റിഷഭിനൊപ്പം തന്നെ ടീമംഗവും ഓപ്പണറുമായ രോഹിത് ശര്‍മയും ആറാം റാങ്ക് പങ്കിടുന്നുണ്ട് എന്നതും പ്രത്യേകതയാണ്. ഇരുവര്‍ക്കും ഒപ്പം ന്യൂസിലാന്‍ഡിന്റെ ഹെന്‍റി നിക്കോള്‍സും ആറാംസ്ഥാനത്തുണ്ട് മൂന്നു പേര്‍ക്കും 747 പോയിന്റ് വീതമാണുള്ളത്.

ഇന്ത്യയുടെ ഇതിഹാസ നായകന്‍ എന്ന് വിശേഷണമുള്ള എംഎസ് ധോണിക്കു പോലും സാധിച്ചിട്ടില്ലാത്ത റെക്കോര്‍ഡാണ് റിഷഭ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. അന്താരാഷ്‌ട്ര ടെസ്റ്റ് കരിയറില്‍ ധോണിയുടെ ഏറ്റവും ഉയര്‍ന്ന റാങ്ക് 19 മാത്രം ആയിരുന്നു. ഇതാണ് റിഷഭ് ഇപ്പോള്‍ പഴങ്കഥയാക്കിയിരിക്കുന്നത്.