പാഴാക്കാത്ത വാക്സിൻ ഉപയോഗം; കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകർക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

single-img
5 May 2021

കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്‌ നല്‍കിയ കൊവിഡ് വാക്‌സിനില്‍ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ച ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്‌ ലഭിച്ച വാക്സിന്‍ ശ്രദ്ധാപൂര്‍വം ഉപയോഗിച്ചെന്നും വയലില്‍ വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയിലുള്ള ഡോസും ആളുകള്‍ക്ക് നല്‍കിയെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് പങ്ക് വെച്ചായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.

‘ കൊവിഡ് വാക്‌സിന്‍ പാഴാവുന്നത് ചുരുക്കിയ ആരോഗ്യപ്രവര്‍ത്തകരും നഴ്‌സുമാരും അഭിനന്ദനം അര്‍ഹിക്കുന്നു. വൈറസ് വ്യാപനത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്സിന്‍ പാഴാക്കല്‍ കുറയ്ക്കേണ്ടത് പ്രധാനമാണ്’. പ്രധാനമന്ത്രി എഴുതി.

ഇതുവരെ കേരളത്തിന് 73,38,806 ഡോസ് കൊവിഡ് വാക്സിനാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിച്ചത്. അതില്‍ തന്നെ ഓരോ വയലിലും വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയിലുള്ള അധികഡോസുംആരോഗ്യ പ്രവര്‍ത്തകര്‍ വിനിയോഗിക്കുകയും അതുവഴി 74,26,164 ഡോസ് കൊവിഡ് വാക്സിന്‍ ഇതിനകം നല്‍കുകയും ചെയ്തു എന്ന് മുഖ്യമന്ത്രി ട്വീറ്റില്‍ പറഞ്ഞിരുന്നു.