സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്നു കളഞ്ഞു; കൊടുവള്ളിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍, ഒരാള്‍ ഒളിവില്‍

single-img
5 May 2021

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് കടത്തിയ രണ്ടുപേരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കൊടുവള്ളി മദ്രസാ ബസാറില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് കടത്തിയ രണ്ടുപേരാണ് പിടിയിലായത്. പുതുപ്പാടി ഈങ്ങാപ്പുഴ സ്വദേശി സഫ്‌വാന്‍, മലപ്പുറം കൊണ്ടോട്ടി കിഴക്കേയില്‍ ഡാനിഷ് മിന്‍ഹാജ് എന്നിവരാണ് പിടിയിലായത്.

കൊടുവള്ളി മദ്രസാബസാര്‍ പിലാത്തോട്ടത്തില്‍ ജിലാന്റെ ആക്ടീവ സ്‌കൂട്ടറാണ് ഞായറാഴ്ച രാവിലെ രണ്ടുപേര്‍ ചേര്‍ന്ന് കടത്തിക്കൊണ്ടുപോയത്. സ്‌കൂട്ടറിനായി തിരച്ചില്‍ നടത്തുന്നതിനിടെ മൂന്നുപേര്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പെടുകയും തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിനിടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. രണ്ടുപേരെ ചോദ്യം ചെയ്തതില്‍ മദ്രസാ ബസാറില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറാണെന്ന് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ ദാമോദരന്‍, എസ് ഐ മനോജ്, സി പി ഒ മാരായ അബ്ദുല്‍ റഷീദ്, ജയരാജന്‍, വിജീഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. പുതുപ്പാടി കൊട്ടാരക്കോത്ത് സ്വദേശിയാണ് രക്ഷപ്പെട്ടതെന്നാണ് സൂചന.