ഇടതുമുന്നണിയുടെ വിജയം ചരിത്രത്തിലെ നാഴികകല്ല് : എ വിജയരാഘവൻ

single-img
4 May 2021

കേരളത്തില്‍ എല്‍ഡിഎഫിനു തുടര്‍ഭരണം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇടതുമുന്നണിയുടെ വിജയം ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വര്‍ഗീയ ശക്തികളെ ഏകോപിപ്പിക്കാന്‍ യുഡിഎഫ് ശ്രമിച്ചു എന്നും സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കിഫ്ബിയുടെ സുഗമപ്രവര്‍ത്തനത്തെ തകര്‍ക്കാന്‍ കൃത്യമായ അജണ്ടയുണ്ട്. ഇതിനാണ് കേരള ജനത മറുപടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്കും സാമൂഹ്യ മുന്നേറ്റത്തിനും സഹായകരമായ പദ്ധതികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. പ്രതിസന്ധി അഭിമുഖീകരിച്ച ഘട്ടങ്ങളില്‍ കേരളത്തെ ചേര്‍ത്തുപിടിച്ചു. ഈ രീതിയിലുള്ള ഒരു സര്‍ക്കാരിന്റെ തുടര്‍ഭരണം ഉണ്ടാവാതിരിക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ലീഗും ജമാഅത്തെ ഇസ്ലാമിയുമൊക്കെ ശ്രമിച്ചതെന്ന് വിജയരാഘവന്‍ പറഞ്ഞു.

സാധാരണക്കാരായ ജനങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നില്ല. കോര്‍പറേറ്റുകളെ സംരക്ഷിക്കുന്ന അജണ്ടകള്‍ക്ക് മുന്‍തൂക്കം നല്‍കി. ഇത് സമൂഹത്തില്‍ ദാരിദ്ര്യം വര്‍ദ്ധിപ്പിച്ചു. കൊവിഡിനു മുന്നില്‍ കേന്ദ്രം കാഴ്ചക്കാരായി നില്‍ക്കുന്നു. അതിനൊപ്പം തീവ്ര ഹിന്ദുത്വ വര്‍ഗീയതയെ അവര്‍ രാജ്യത്തിന്റെ മുഖമുദ്രയാക്കി. ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമം തുടരുകയാണ്. ഈ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ജനകീയ മുന്നേറ്റങ്ങള്‍ ശക്തിപ്പെടുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.