ജനങ്ങള്‍ക്ക് രാഷ്ട്രീയ ഓക്സിജൻ ആവശ്യമാണ്; ബിജെപിയുടെ പരാജയത്തില്‍ മമതാ ബാനര്‍ജി

single-img
4 May 2021

ജനങ്ങള്‍ക്ക് എങ്ങിനെയാണ് ബി ജെ പിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് ബംഗാൾ തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുകയും ജനങ്ങൾ അതിനുള്ള വഴികാണിക്കുകയും ചെയ്തുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനങ്ങള്‍ക്ക് ഇപ്പോൾ രാഷ്ട്രീയ ഓക്സിജൻ ആവശ്യമാണ്.

ജനാധിപത്യ ക്രമത്തില്‍ ജനങ്ങളുടെ തെരഞ്ഞെടുപ്പാണ് പ്രധാനം.അതുകൊണ്ടുതന്നെ അവര്‍ക്കെതിരെ ധാർഷ്ട്യമോ അഹംഭാവമോ കാണിക്കരുതെന്നും മമത ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബി ജെ പി എന്നത് ഒരു വർ​ഗീയ പാർട്ടിയാണ്, അവർ വ്യാജ വീഡിയോകൾ ഉപയോഗിക്കുന്നു. അധികാരവും ഏജൻസികളെയും ദുരുപയോ​ഗം ചെയ്യുന്നു. നമ്മുടെ രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെ തകർക്കാനും ആഗ്രഹിക്കുന്നു. അവര്‍ സാർവത്രിക വാക്സിനേഷൻ അനുവദിക്കുന്നില്ല, രോഗികള്‍ക്ക് ഓക്സിജൻ നൽകുന്നില്ല. ബി ജെ പിയോട് പോരാടാൻ ജനങ്ങൾ ഒത്തുചേരണമെന്നും മമത ആവശ്യപ്പെട്ടു.

കേന്ദ്ര ഏജന്‍സികളായ സി ബി ഐ, ഇഡി എന്നിവയെ ഉപയോ​ഗിച്ചുളള രാഷ്ട്രീയം ബിജെപി അവസാനിപ്പിക്കണം. അങ്ങിനെ ചെയ്‌താല്‍ അത് മോദി-അമിത് ഷാ രാഷ്ട്രീയത്തിന്റെ അവസാനമായിരിക്കും. പഴയകാല ബി ജെ പി അം​ഗങ്ങൾ പോലും മോദി- അമിത് ഷാ രാഷ്ട്രീയത്തെ നിരാകരിക്കുന്നതായും മമത ബാനര്‍ജി പറഞ്ഞു.

ഈ രാജ്യത്തിന് ഇത്തരത്തിലുളള രാഷ്ട്രീയത്തെ അഭിമുഖീകരിക്കാൻ കഴിയില്ല. മോദിയേക്കാളും അമിത് ഷായേക്കാളും മികച്ച സ്ഥാനാർത്ഥികൾ നമുക്ക് ഉണ്ടെന്നും മമത അഭിപ്രായപ്പെട്ടു.അതേപോലെ തന്നെ, ബംഗാളിലെ വോട്ടെണ്ണലിനുശേഷം ബി ജെ പി ജയിച്ച പ്രദേശങ്ങളിൽ പ്രശ്നമുണ്ടാക്കാൻ അവർ ശ്രമിക്കുന്നതായും മമത ആരോപിച്ചു.