കോവിഡ് രണ്ടാം തരംഗം അതിരൂക്ഷം; ഓക്‌സിജന്‍ ക്ഷാമത്തിന് പരിഹാരമാവാതെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

single-img
4 May 2021

ഓക്‌സിജന്‍ ക്ഷാമത്തിന് പരിഹാരമാവാതെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ .മതിയായ ഓക്‌സിജന്‍ ഇല്ലെന്ന പരാതിയുമായി ഡല്‍ഹിയിലെ ആശുപത്രികള്‍ വീണ്ടും രംഗത്തെത്തി.കര്‍ണാടകയിലും സ്ഥിതി ഗുരുതരമാണ്.

കോവിഡ് രണ്ടാം തരംഗത്തില്‍ സ്ഥിതി ഗുരുതരമായ ഡല്‍ഹിയില്‍ ദിനംപ്രതി 976 മെട്രിക് ടണ്‍ ഓക്‌സിജനാണ് ആവശ്യമുള്ളത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നത് 590 മെട്രിക് ടണ്‍ ഓക്‌സിജന്‍ മാത്രമാണ്. അനുവദിച്ചതിനെക്കാള്‍ 100 മെട്രിക് ടണ്‍ കുറവ് ഓക്‌സിജനാണ് നിലവില്‍ ലഭിക്കുന്നതെന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വാദം ശരിവെക്കുന്നതാണ് ഡല്‍ഹിയിലെ ആശുപത്രികളിലെ സ്ഥിതി. രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാവുമ്പോഴും അനുവദിക്കുന്ന ഓക്‌സിജന്റെ അളവ് ദിനംപ്രതി കുറഞ്ഞുവരുന്നതായി ഡല്‍ഹിയിലെ വിവിധ ആശുപത്രികള്‍ അറിയിച്ചു .മരുന്നുകളുടെയും ഐ.സി.യു കിടക്കകളുടെയും ക്ഷാമവും പരിഹാരമില്ലാതെ തുടരുകയാണ്.

അതിനിടെ സംസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമം വിലയിരുത്താന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇന്ന് അടിയന്തര യോഗം വിളിച്ചു. കഴിഞ്ഞ ദിവസം ചാമരാജനഗര്‍ ആശുപത്രിയില്‍ 24 രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സാഹചര്യത്തിലാണ് അടിയന്തരയോഗം.