ഹൈദരാബാദിലെ മൃഗശാലയില്‍ എട്ട് സിംഹങ്ങൾക്ക് കൊവിഡ്

single-img
4 May 2021

ഇന്ത്യയിൽ ഹൈദരാബാദിൽ നെഹ്‌റു സുവോളജിക്കൽ പാർക്കിലുള‌ള എട്ട് ഏഷ്യൻ സിംഹങ്ങളിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവിടെ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലാർ ബയോളജി നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് സിംഹങ്ങൾക്ക് വൈറസ് ബാധ കണ്ടെത്തിയത്. ധാരാളം വിനോദ സഞ്ചാരികൾ എത്തുന്ന പാർക്കാണ് നെഹ്‌റു സുവോളജിക്കൽ പാർക്ക്.

അതിനാൽ മനുഷ്യരിൽ നിന്നാണോ ഈ മൃഗങ്ങൾക്ക് രോഗമുണ്ടായതെന്ന് ഇനിയും കണ്ടെത്തേണ്ടതുണ്ട്. അതിനായുള്ളള ടെസ്‌റ്റുകൾക്കായി സി സി എം ബി സാംബിളുകൾ ശേഖരിച്ചു. സിംഹങ്ങൾക്ക് ചുമയും വിശപ്പില്ലായ്‌മയും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.ഇവയുടെ ആന്തരിക അവയവങ്ങളിൽ കൊവിഡ് സാന്നിദ്ധ്യമറിയാൻ സി.ടി സ്‌കാൻ നടത്തും.

നിലവിൽ മൃഗശാലയിലെ 24 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പാർക്ക് ഇപ്പോൾ അടച്ചിരിക്കുകയാണ്. അതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് സിംഹങ്ങൾ രോഗബാധിതരെന്ന് കണ്ടെത്തിയത്. 1500ൽ കൂടുതൽ മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്ന 380 ഏക്കറിലധികം സ്ഥലത്തായി പരന്നുകിടക്കുന്ന മൃഗശാലയാണ് ഹൈദരാബാദ് നെഹ്രു സുവോളജിക്കൽ പാ‌ർക്ക്.