ഷാജഹാന്‍ എന്ന വിദ്വാന് ആരെങ്കിലും ഒരു പൂവന്‍ പഴം വാങ്ങി കൊടുക്കണം: ബെന്യാമിന്‍

single-img
4 May 2021

കേരളത്തിൽ ഭരണവിരുദ്ധ വികാരം സ്വഭാവികമാണ്. പക്ഷെ ഇത്തവണ അതുണ്ടായത് പ്രതിപക്ഷ എം.എല്‍.എ മാര്‍ക്ക് എതിരെ ആയിരുന്നു എന്നു മാത്രമെന്ന് എഴുത്തുകാരൻ ബെന്യാമിൻ. കെ എം ഷാജി, വി ടി ബലറാം, അനില്‍ അക്കരെ, ശബരി നാഥന്‍, പി കെ ഫിറോസ്, എന്നിവരുടെ ഒക്കെ പരാജയം അതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ എഴുതി.

ഇതോടൊപ്പം തന്നെ യുഡി എഫിനായി വാദിക്കുന്ന രാഷ്ട്രീയ നിരീക്ഷകരെയും ബെന്യാമിൻ പരിഹസിക്കുന്നു. നിരീക്ഷകര്‍ എന്ന പേരില്‍ ചാനലുകളില്‍ വന്നിരുന്ന് മോങ്ങുന്നവരുടെ ന്യായവാദങ്ങളാണ് ഇനി കേള്‍ക്കേണ്ടത്. അതില്‍ ഷാജഹാന്‍ എന്ന വിദ്വാന് ആരെങ്കിലും ഒരു പൂവന്‍ പഴം വാങ്ങി കൊടുക്കണമെന്നാണ് ബെന്യാമിൻ എഴുതിയത്.

കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം:

തിരഞ്ഞെടുപ്പു ഫലത്തിനു ശേഷം ചില നിരീക്ഷണങ്ങൾ:

 1. ‘ഉറപ്പാണ്’ എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ഇപ്രാവശ്യത്തെ താരം. അത് ഉയർത്തിയതോടെ ഇടതുപക്ഷം പാതി വിജയിച്ചു കഴിഞ്ഞിരുന്നു.
 2. രണ്ടാം ടേമിന്റെ പേരിൽ മാറ്റി നിറുത്തപ്പെട്ട എം.എൽ.എ മാരും മന്ത്രിമാരും തങ്ങളുടെ മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ 99.
 3. സാധാരണ ഭരണം ലഭിക്കുമ്പോൾ പാർട്ടി സംവിധാനങ്ങൾ കുറച്ചു നിർജ്ജീവമാകാറുണ്ട്. അതുകൊണ്ട് തന്നെ പാർട്ടി ജനങ്ങളിൽ നിന്ന് അകന്നുപോവുകയും ചെയ്യും. എന്നാൽ ഇത്തവണ പ്രളയം, നിപ്പ, കോവിഡ് എന്നീ ദുരന്തങ്ങൾ വന്നതോടെ യുവജനസംഘടനങ്ങൾ പ്രവർത്തന നിരതവും താഴേത്തട്ടിൽ വളരെ സജീവവും ആയിരുന്നു. അത് പാർട്ടി തങ്ങൾക്കൊപ്പമുണ്ട് എന്ന് വികാരം സാധാരണക്കാരിൽ ഉണ്ടാക്കി.
 4. സ്ത്രീ വോട്ടറുമാരായിരുന്നു ഇവിടുത്തെ നിശ്ശബ്ദ തരംഗം. അവർ ഫേസ്ബുക്ക് ശബ്ദകോലാഹലങ്ങളിൽ ഉണ്ടായിരുന്നില്ല. സർവ്വെകൾ അവരെ വേണ്ടവണ്ണം ഗൌനിച്ചതുമില്ല.
 5. ഭരണവിരുദ്ധ വികാരം സ്വഭാവികമാണ്. എന്നാൽ ഇത്തവണ അതുണ്ടായത് പ്രതിപക്ഷ എം.എൽ.എ മാർക്ക് എതിരെ ആയിരുന്നു എന്നു മാത്രം. തങ്ങൾക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ മുടക്കുന്നവരായും അനാവശ്യമായി നാടകം കളിക്കുന്നവരായും ജനം അവരെ കണക്കാക്കി. കെ.എം. ഷാജി, വി.ടി. ബലറാം, അനിൽ അക്കരെ, ശബരി നാഥൻ, പി.കെ ഫിറോസ്, എന്നിവരുടെ ഒക്കെ പരാജയം അതാണ് സൂചിപ്പിക്കുന്നത്.
 6. പാലക്കട്ടെ ‘മുഖ്യമന്ത്രി’ യെപോലെയുള്ള അധികാരിമോഹികളായ ടെക്‌നോക്രാറ്റ് / ബ്യൂറോക്രാറ്റ്/ സിനിമ താരങ്ങളെക്കാ‍ൾ എത്രയോ നല്ല മനുഷ്യരാണ് ഏതൊരു പാർട്ടിയിലെയും ഏതൊരു സാധാരണ രാഷ്‌ട്രീയ പ്രവർത്തകനും. ജേക്കബ് തോമസ്, അൽഫോസ് കണ്ണന്താനം, കെ.എസ് രാധാകൃഷ്ണൻ, സുരേഷ് ഗോപി, ധർമ്മജൻ, ഫിറോസ് കുന്നും‌പറമ്പിൽ, കൃഷ്ണകുമാർ എന്നീ അരാഷ്ട്രീയ അധികാരമോഹികളെ തൂക്കിയെറിഞ്ഞ മലയാളിയാണ് മലയാളി.
 7. മുഖ്യധാരാ മാധ്യമങ്ങൾ പടച്ചു വിടുന്നതത്രയും കള്ളങ്ങൾ ആണെന്ന് കോൺഗ്രസുകാർക്കു പോലും പച്ചവെള്ളം പോലെ അറിയാമായിരുന്നു. അതുകൊണ്ടാണ് തുടർഭരണം ഉണ്ടാവും എന്ന് അവരുടെ ചാനലുകൾ മുന്നറിയിപ്പ് കൊടുത്തിട്ടും കോൺഗ്രസുകാർ അത് ഒട്ടുമേ വിശ്വസിക്കാതെ ഇരുന്നത്. അതും മറ്റൊരു കള്ളം എന്ന് അവർ വിചാരിച്ചു പോയി.
 8. രമേശ് ചെന്നിത്തലയെക്കൊണ്ട് ഈ കോമാളി വേഷം എല്ലാം കെട്ടിച്ച അടൂരിലെ അന്താരാഷ്ട്ര വിദഗ്ദ്ധനും പേരിനൊപ്പം ബ്രാ കൊണ്ടു നടക്കുന്ന ഐ.എ.എസ് കാരനും ഓരോ പൂച്ചെണ്ട്.
 9. നിരീക്ഷകർ എന്ന പേരിൽ ചാനലുകളിൽ വന്നിരുന്ന് മോങ്ങുന്നവരുടെ ന്യായവാദങ്ങളാണ് ഇനി കേൾക്കേണ്ടത്. അതിൽ ഷാജഹാൻ എന്ന വിദ്വാന് ആരെങ്കിലും ഒരു പൂവൻ പഴം വാങ്ങി കൊടുക്കണം.
 10. ഇനി എന്റെ വിചാരത്തിലെ പുതിയ മന്ത്രിസഭ :

പിണറായി വിജയൻ, കെ.കെ. ശൈലജ, എ.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, കാനത്തിൽ ജമീല, എം.എം മണി, എം.ബി. രാജേഷ്, വി.എൻ. വാസവൻ, സജി ചെറിയാൻ, കടകം‌പള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത്.
ഇ.ചന്ദ്രശേഖരൻ, പി. ബാലചന്ദ്രൻ, പി. പ്രസാദ്, ചിഞ്ചുറാണി
റോഷി അഗസ്റ്റിൻ, എൻ. ജയരാജ്.
മാത്യു ടി തോമസ്.
കെ.ബി. ഗണേഷ് കുമാർ.
കെ.ടി ജലീൽ (സ്പീക്കർ ) വീണ ജോർജ് (ഡപ്യുട്ടി സ്പീക്കർ)
ചീഫ് വിപ്പ് : തോട്ടത്തിൽ രവീന്ദ്രൻ

 1. രണ്ടാം ടേം മോശമാകുന്ന ഒരു പ്രവണത പൊതുവേ കാണാറുണ്ട്. അതുകൊണ്ട് സൂക്ഷ്മതയോടെ ഭരിച്ചാൽ സർക്കാരിനു കൊള്ളാം. ഇക്കാണുന്ന ഭൂരിപക്ഷം ഒക്കെ തൂക്കിയെറിയാൻ മലയാളിക്ക് ഒരു നിമിഷം മതി.