കോവിഡ്: ഇന്ത്യയിൽ നിന്നും എത്തുന്നവർക്ക് തടവ് ശിക്ഷ; ഉത്തരവ് പിൻവലിച്ച് ഓസ്ട്രേലിയ

single-img
4 May 2021

ഇന്ത്യയില്‍ രൂക്ഷമാകുന്ന കോവിഡ് വൈറസ് വ്യാപന ഭീതിയില്‍ ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് തടവ് ശിക്ഷ ഉത്തരവിട്ടുള്ള തീരുമാനം പിൻവലിച്ച് ഓസ്ട്രേലിയ. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്റെ തീരുമാനം വംശീയമാണെന്നും, അദ്ദേഹത്തിന്റെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നെന്നുമുള്ള വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് പുതിയ തീരുമാനം.

ഈ മാസം 15 വരെ ഇന്ത്യയിൽ നിന്നും യാത്രാവിലക്കും ഓസ്ട്രേലിയ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ തങ്ങിയ ശേഷം രാജ്യത്തേക്ക് എത്തുന്നവർക്ക് തടവ് ശിക്ഷ നൽകാനും തീരുമാനമായിരുന്നു. കുറഞ്ഞത് രണ്ടാഴ്ച്ച ഇന്ത്യയില്‍ തങ്ങിയ ശേഷം നിയമം മറികടന്ന് ആസ്‌ത്രേലിയയില്‍ എത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവോ 66,000 ആസ്‌ത്രേലിയന്‍ ഡോളര്‍ പിഴയോ (ഏകദേശം 38 ലക്ഷം രൂപ) നൽകാനായിരുന്നു തീരുമാനം.

ഇതിനെല്ലാം പുറമേ നേരിട്ടുള്ള വിമാനങ്ങള്‍ക്കും ഇന്ത്യയില്‍ നിന്ന് ദോഹ, സിംഗപൂര്‍, ക്വാല ലംപൂര്‍ എന്നിവടങ്ങളില്‍ നിന്നും ഓസ്ട്രെലിയയിലേക്ക് വരുന്ന ഫ്‌ലൈറ്റുകള്‍ക്കും വിലക്കേർപ്പെടുത്തിയിരുന്നു.