പണം കിട്ടിയില്ല; യുവാവ് എടിഎമ്മിന് പെട്രോൾ ഒഴിച്ച് തീയിട്ടു

single-img
3 May 2021

കാര്‍ഡ് ഉപയോഗിച്ചിട്ട് പണം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് എ ടി എമ്മിന് തീയിട്ടു. എറണാകുളം കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ എ ടി എമ്മിനാണ് യുവാവ് തീയിട്ടത്.

ഇന്നലെ വൈകുന്നേരം 7.45ന് എസ് ബി ഐയുടെ എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് ഇയാള്‍ തീയിട്ടതെന്നാണ് സംശയം. കൈയ്യില്‍ ഒരു കുപ്പിയില്‍ പെട്രോളുമായാണ് യുവാവ് എ ടി എം കൗണ്ടറിൽ എത്തിയത്. അതിനുശേഷം കാര്‍ഡ് എടുത്ത് മെഷിനില്‍ ഇട്ടു.

തുടര്‍ന്ന് പണം കിട്ടാതെ വരികയും എ ടി എം മെഷീനില്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയുമായിരുന്നു. ഉടന്‍തന്നെ തീ വേഗത്തില്‍ പടര്‍ന്നു പിടിച്ചു.വളരെ അപകടകരമായ രീതിയില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് യുവാവ് പുറത്തേക്ക് ചാടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. എന്തായാലും തീ പിടിച്ചതിനെ തുടർന്ന് എ ടി എം തകരാറിൽ ആയിട്ടുണ്ട്. മുഖത്ത് മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ ആരാണ് തീയിട്ടതെന്ന് വ്യക്തമല്ല. സംഭവത്തില്‍ കളമശ്ശേരിപോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.