ചങ്ങനാശ്ശേരിയിലെ തമ്പ്രാന് ജനങ്ങള്‍ പുല്ലുവില നല്‍കിയില്ലെന്ന് വെള്ളാപ്പള്ളി

single-img
3 May 2021
vellappally

നിയമസഭാ തെരെഞ്ഞെടുപ്പ് ഫലത്തിൻ്റെ പശ്ചാത്തലത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. ചങ്ങനാശ്ശേരിയിലെ തമ്പ്രാന് ജനങ്ങള്‍ പുല്ലുവില നല്‍കിയില്ലെന്നായിരുന്നു സുകുമാരന്‍ നായരെ പരിഹസിച്ചുള്ള വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

സുകുമാരന്‍ നായരുടേത് നന്ദികേടാണെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. എൻഎസ്എസിന് സാമുദായിക സംവരണമടക്കം ഇടതുപക്ഷമാണ് നേടിക്കൊടുത്തത്. സുകുമാരൻ നായരുടെ മകൾക്ക് എല്ലാ സ്ഥാനങ്ങൾ കൊടുത്തു. എന്നിട്ടും എൻഎസ്എസ് ഇടത് പക്ഷത്തിന്റെ നെഞ്ചത്ത് കുത്തിയെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മന്നം സമാധി അവധിദിനമായി പ്രഖ്യാപിക്കാത്തതാണ് അവരുടെ എതിർപ്പെന്നും വെള്ളാപ്പഌഇ പരിഹസിച്ചു.

മതനേതാക്കൾ പറഞ്ഞത് അനുയായികൾ കേട്ടില്ലെന്നതാണ് ചങ്ങനാശ്ശേരിയും മലപ്പുറവും കാണിക്കുന്നത്. ഇടതു പക്ഷത്ത് നിന്നാണ് കൂടുതൽ പിന്നോക്കക്കാർ ജയിച്ചതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം അപ്രതീക്ഷിത വിജയമുണ്ടാക്കി. വിവാദങ്ങളുടെ ചുഴിയിൽ പെട്ട് സർക്കാർ തവിടുപൊടി ആകുമെന്നെല്ലാവരും പ്രതീക്ഷിച്ചെങ്കിലും ജനം കൈവിട്ടില്ല. പുതുമുഖ സ്ഥാനാർത്ഥികളായതിനാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് പലരും കരുതിയത്. എന്നാൽ മാറ്റം അനിവാര്യമാണെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. വടി കുത്തി നടക്കുമ്പോഴും അധികാരം വേണമെന്ന് ആഗ്രഹിക്കുന്ന നേതാക്കന്മാർക്ക് ഉള്ള തിരിച്ചടി കൂടിയാണ് ഇടത് പക്ഷത്തിന്റെ വിജയമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. 

ആലപ്പുഴയില്‍ കോണ്‍ഗ്രസുകാര്‍ തന്നെ വേട്ടയാടി. ഒരു കോൺഗ്രസ് സ്ഥാനാർഥിയെ പോലും വീട്ടിൽ കയറ്റില്ല. കേരളത്തിൽ ആർക്കും വേണ്ടാത്ത പാർട്ടിയായി അവർ മാറിയെങ്കിൽ നയത്തിന്റെ പ്രശ്നമാണ്. സമുദായത്തിൻറെ അടിസ്ഥാനത്തിലായിരുന്നു കോൺഗ്രസ് സ്ഥാനാർഥി നിർണയം. കരഞ്ഞ് ജയിച്ച ബാബുവിന്റെത് ദൈവകാരുണ്യം കൊണ്ട് മാത്രമുള്ള വിജയമാണ്.  കോണ്‍ഗ്രസുകാര്‍ തന്നെ കുറേയധികം ഉപദ്രവിച്ചുവെന്നും അവരെ ജനം തോല്‍പ്പിച്ചതിന് ദൈവത്തിന് സ്തുതിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മേഴ്സിക്കുട്ടി അമ്മയ്ക്കും ജലീലിനും ഷോക്ക് ട്രീറ്റ്മെന്റ്  കിട്ടിയതിൽ ഏറെ സന്തോഷിക്കുന്നതായി വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറം മന്ത്രിയായാണ് കെടി ജലീല്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹത്തിന്റേത് വെറും സാങ്കേതിക വിജയം മാത്രമാണെന്നും വെള്ളാപ്പള്ളി നടേശന്‍. മേഴ്സി ഒട്ടും ഇല്ലാത്ത ആളാണ് മേഴ്സിക്കുട്ടിയമ്മ. പാർട്ടി പ്രവർത്തകരോട് പോലും ചാടിക്കടിക്കുന്ന ബൂർഷ്വാ സ്വഭാവം. എസ്എൻഡിപിയെയും എസ്എൻ ട്രിസ്റ്റിനെയും തള്ളിപ്പറഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. ഇനിയെങ്കിലും തിരുത്തിയാൽ അവർക്ക് നല്ലതാണ് വെള്ളാപ്പള്ളി പറഞ്ഞു.

ബിജെപി ഗംഭീരമായി ജയിച്ചെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു. ബിജെപിയുടെ ലക്ഷ്യം കോണ്‍ഗ്രസ് വിമുക്ത ഭാരതമാണെന്നും. അക്കാര്യത്തില്‍ ബിജെപി അതി ഗംഭീരമായി വിജയിച്ചെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.