തിരുവനന്തപുരത്ത് മോര്‍ച്ചറിയില്‍ സൂക്ഷിച്ച കൊവിഡ് രോഗിയുടെ മൃതദേഹം കാണാതായി, ആശുപത്രിക്കെതിരെ നടപടി വേണമെന്ന് ബന്ധുക്കള്‍

single-img
3 May 2021

തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കൊവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി. മൃതദേഹം മാറിപ്പോയതാകാമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സെക്യൂരിറ്റി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാതായത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസാദിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായ സാഹചര്യത്തില്‍ ശനിയാഴ്ച മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച ബന്ധുക്കള്‍ മൃതദേഹം കൊണ്ടുപോകാനായി എത്തിയപ്പോള്‍ 47കാരനായ പ്രസാദിന് പകരം
68 വയസുകാരനായ പ്രസാദിനെ മൃതദേഹമാണ് ജീവനക്കാര്‍ നല്‍കിയത്. എന്നാല്‍ രജിസ്റ്ററില്‍ നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റ മൃതദേഹത്തെ കുറിച്ചാണ് സൂചിപ്പിച്ചിരിക്കുന്നത്. മൃതദേഹം കണ്ടെത്തണമെന്നും ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് പൊലീസിന് പരാതി നല്‍കി.