തെറ്റിയത് കാഞ്ഞിരപ്പള്ളിയിലെ അഞ്ച് പഞ്ചായത്തുകൾ; യുഡിഎഫ് ഇത്രയും ഗതികേടിലാവുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല: പി സി ജോർജ്

single-img
3 May 2021

ഇരുപതിനായിരത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് പൂഞ്ഞാറിലെ കേരള ജനപക്ഷം സ്ഥാനാര്‍ഥി പിസി ജോര്‍ജ്. പരാജയത്തില്‍ നിരാശയില്ലെന്നും പരാജയത്തിന്റെ യഥാര്‍ഥ കാരണം വിശദമായി പഠിക്കാതെ പറയാന്‍ കഴിയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. 

ബൂത്ത് കമ്മിറ്റി തലത്തിൽനിന്നും അറിയാന്‍ കഴിഞ്ഞത് ഇരുപതിനായിരത്തിലധികം ഭൂരിപക്ഷം കിട്ടുമെന്നാണ്. ബൂത്ത് പ്രസിഡന്റുമാര്‍ തന്ന ലിസ്റ്റിലും അങ്ങനെ തന്നെയാണുള്ളത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ അഞ്ച് പഞ്ചായത്തിലും ദയനീയമായിരുന്നു വോട്ടുനില. തെറ്റിദ്ധരിക്കപ്പെട്ട ഒരു സമൂഹം പൂഞ്ഞാറില്‍ എനിക്കെതിരായായിരുന്നു. എട്ടായിരത്തോളം വോട്ടുകള്‍ കുറയുമെന്നായിരുന്നു കണക്കുകൂട്ടല്‍. അത് കൃത്യമായിരുന്നു. ആ കണക്കിലൊന്നും തെറ്റ് വന്നില്ല. തെറ്റിയത് കാഞ്ഞിരപ്പള്ളിയിലെ അഞ്ച് താലൂക്കില്‍ മാത്രമാണെന്ന് പിസി വിശദീകരിച്ചു.

‘എല്‍ഡിഎഫിന് 70 സീറ്റ് കിട്ടുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അത് കൂടി. യുഡിഎഫിന് 68 കിട്ടുമെന്ന് വിചാരിച്ചു. എന്നാല്‍ യുഡിഎഫ് ഇത്രയും ഗതികേടിലാവുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല. യുഡിഎഫ് ഇനി ഇങ്ങനെ പോയിട്ട് കാര്യമില്ല. മുന്നണി പിരിച്ചുവിടണം. യുഡിഎഫിന് രക്ഷപ്പെടാനാവില്ല. ചെന്നിത്തല പലതും പറയുന്നുണ്ടെങ്കിലും അത് കേള്‍ക്കാനാളില്ല. അതാണ് പ്രശ്‌നം. ലീഗിന്റേയും ഗതി അധോഗതിയാവാന്‍ പോവുകയാണ്.’ 

പാലായില്‍ തോറ്റ ജോസ് കെ മാണിക്ക് പക്വതമില്ലായ്മയാണെന്നും പിസി പറഞ്ഞു. ജോസ് കടുത്തുരുത്തിയില്‍ നിന്ന് മത്സരിക്കണമായിരുന്നു, റോഷി അഗസ്റ്റിനെ പാലായിലും നിര്‍ത്തണം. അത് ചെയ്തില്ല. പാലാ പിടിച്ചെടുക്കുമെന്ന അഹങ്കാരത്തില്‍ ഇറങ്ങി. ദൈവം അഹങ്കാരം സമ്മതിക്കില്ല. നിരാശനാണ് അയാള്‍. തര്‍ക്കമില്ലാത്ത ഒരു മന്ത്രിയാണ് ഇപ്പോള്‍ വെറുതെയിരിക്കുന്നത് എന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.