കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആവശ്യം; വടി കൊണ്ടും കല്ല് കൊണ്ടും പോലീസുകാരെ മർദിച്ച് നാട്ടുകാർ

single-img
3 May 2021

ആഘോഷത്തിന്റെ ഭാഗമായി ഒത്തുകൂടിയ ആയിരക്കണക്കിന് നാട്ടുകാരോട് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ആവശ്യപ്പെട്ട പോലീസുകാരെ നാട്ടുകാർ മർദിച്ചു. ഒഡീഷയിലെ ദേബൻബഹാലി ഗ്രാമത്തിലാണ് പോലീസുകാർക്ക് നേരേ ആക്രമണമുണ്ടായത്. സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റതായും പ്രതികളായ 12 പേരെ അറസ്റ്റ് ചെയ്തതായും മയൂർബഞ്ച് എസ്.പി. അറിയിച്ചു.

ആയിരക്കണക്കിന് പേരാണ് ‘ചൈതി പർഭ’ ആഘോഷത്തിന്റെ ഭാഗമായി ഗ്രാമത്തിൽ ഒത്തുകൂടിയിരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആഘോഷപരിപാടി നടത്തുന്നതറിഞ്ഞാണ് പോലീസ് ഗ്രാമത്തിലെത്തിയത്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ഇത്രയും പേർ ഒത്തുകൂടിയാൽ വൈറസ് വ്യാപനത്തിന് കാരണമാകുമെന്നും പോലീസ് നാട്ടുകാരോട് പറഞ്ഞു. എന്നാൽ പോലീസ് ഇടപെടലിൽ രോഷാകുലരായ നാട്ടുകാർ പോലീസ് സംഘത്തെ അക്രമിക്കുകയായിരുന്നു.

വടി കൊണ്ടും കല്ല് കൊണ്ടും പോലീസുകാരെ നാട്ടുകാർ മർദിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പോലീസുകാരെ പിന്തുടർന്ന് തല്ലിച്ചതയ്ക്കുകയായിരുന്നു. പോലീസ് വാഹനവും തകർത്തു. സംഭവത്തിൽ പ്രതികളായ 12 പേരെ വിവിധയിടങ്ങളിൽനിന്നാണ് പോലീസ് പിടികൂടിയത്. കേസിൽ ഇനിയും പ്രതികളുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Content Summary : mob attacked police in odisha for asking to follow covid protocol