മിസോറാമിൽ ലോക്ക് ഡൗൺ; പുറത്തുനിന്നുള്ളവർക്ക് പ്രവേശന നിയന്ത്രണം

single-img
3 May 2021

മിസോറാമിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി സർക്കാർ. തലസ്ഥാനനഗരമായ ഐസ്വാൾ ഉൾപ്പടെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും എട്ടുദിവസത്തേയ്ക്ക് ലോക്ഡൗൺ നടപ്പിലാക്കും. ഇന്ന് രാവിലെ 4 മണി മുതലാണ് ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നത്.

അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ള എല്ലാ കാര്യങ്ങൾക്കും നിയന്ത്രണമുണ്ട്. സംസ്ഥാനത്തേയ്ക്ക് പുറത്തുനിന്നും പ്രവേശിക്കുന്നതിനും നിയന്ത്രണമുണ്ട്. സംസ്ഥാനത്തെ ഏക വിമാനത്താവളമായ ലെങ്പുയിയിലും സംസ്ഥാന – അന്താരാഷ്ട്ര അതിർത്തികളിലും നിയന്ത്രണമുണ്ടാകും. മ്യാന്മാർ, ബംഗ്ലാദേശ് എന്നിങ്ങനെ രണ്ട് അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് മിസോറാം.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തിൽ മിസോറാമിൽ എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണമെന്ന് ഗവർണർ ശ്രീധരൻ പിള്ള പറഞ്ഞു. ആരോഗ്യമന്ത്രിയും വിവിധ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്ത ഒരു യോഗത്തിലാണ് ഗവർണർ ഇപ്രകാരം പറഞ്ഞത്.