ഇന്ത്യക്കാവശ്യമായ വാക്‌സിന്‍ ലഭ്യമാക്കാന്‍ ജൂലായ് വരെ കാത്തിരിക്കേണ്ടിവരും; സെറം ഇന്‍സ്റ്റിട്യൂട്ട് സി ഇ ഒ അദാര്‍ പൂനവാല

single-img
3 May 2021

മൂന്നരലക്ഷത്തിലധികം പ്രതിദിന രോഗികളുമായി കോവിഡിനെതിരെ ഇന്ത്യ പോരാടിക്കൊണ്ടിരിക്കേ ഇന്ത്യക്കാവശ്യമായ വാക്‌സിന്‍ ലഭ്യമാക്കാന്‍ ഏതാനും മാസങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവരുമെന്ന് സെറം ഇന്‍സ്റ്റിട്യൂട്ട് സിഇഒ അദാര്‍ പൂനവാല. ജൂലായ് വരെ ഇന്ത്യയില്‍ വാക്‌സിന്‍ ക്ഷാമം അനുഭവപ്പെടുമെന്ന് പൂനവാല വ്യക്തമാക്കിയതായി ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലായോടുകൂടി ഇന്ത്യയിലെ വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും പ്രതിമാസ ഉത്പാദനം 60-70 ദശലക്ഷം ഡോസില്‍ നിന്ന് 100 മില്യണ്‍ ഡോസായി വര്‍ധിപ്പിക്കാനാണ് സെറം ഇന്‍സ്റ്റിട്യൂട്ട് തയ്യാറെടുക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനെട്ട് വയസ്സിന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കുമുള്ള വാക്‌സിന്‍ വിതരണം മെയ് ഒന്ന് മുതല്‍ ഇന്ത്യയില്‍ ആരംഭിച്ചു. 

ജനുവരിയില്‍ കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ രണ്ടാമതൊരു കോവിഡ് തരംഗത്തിനുള്ള സാധ്യത അധികൃതര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പൂനവാല പറഞ്ഞു. അതുകൊണ്ടുതന്നെ അധികൃതരില്‍ നിന്ന് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ക്കുള്ള ഓഡര്‍ ലഭിച്ചിരുന്നില്ലെന്നും ഓഡര്‍ ലഭിച്ചിരുന്നെങ്കില്‍ വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുമായിരുന്നെന്നും പൂനവാല വ്യക്തമാക്കി. പ്രതിവര്‍ഷം നൂറ് കോടി ഡോസുകളാണ് കമ്പനിയുടെ നിലവിലെ ഉത്പാദനശേഷി. 

അസ്ട്രസെനകയും ഒക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മാണം സെറം ഇന്‍സ്റ്റിട്യൂട്ടാണ് നടത്തുന്നത്. വാക്‌സിന്‍ ആവശ്യകത വര്‍ധിച്ചതിനാല്‍ മറ്റ് രാജ്യങ്ങളില്‍ കൂടി ഉത്പാദനം ആരംഭിക്കാനുള്ള ആലോചനയിലാണ് സെറം. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തോടെ വാക്‌സിന്‍ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. 

Content Summary : Covid vaccine shortage will continue in India till July says Serum Institute CEO Adar Poonawalla