രാജ്യത്ത് കോവിഡ് പ്രതിസന്ധി; പ്രധാനമന്ത്രിക്ക് ഇരുപതിനായിരം കോടിയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ വസതി നിര്‍മ്മാണം

single-img
3 May 2021

രാജ്യത്ത് പ്രതിദിന കോവിഡ്-19 ബാധ മൂന്ന് ലക്ഷം കഴിയുകയും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയും ചെയ്യവേ പ്രധാനമന്ത്രിയുടെ പുതിയ വസതിക്കായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് തന്നെ പോകുന്നു. അടുത്ത വര്‍ഷം ഡിസംബറിനകം നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഭവന നിര്‍മ്മാണത്തിനായി എല്ലാ വിധ പരിസ്ഥിതി അനുമതിയും ഈ പദ്ധതിക്ക് ലഭിച്ചു.ഇരുപതിനായിരം കോടിയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രകാരമാണ് പ്രധാനമന്ത്രിക്ക് പുതിയ വസതി നിര്‍മിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സെന്‍ട്രല്‍ വിസ്ത പദ്ധതിയെ അവശ്യ സേവനങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ നിര്‍മാണം തടസ്സമില്ലാതെ കൊണ്ടുപോകാനാകും.നിലവില്‍ ആവശ്യമായ എല്ലാ ഹരിത അനുമതികളും പദ്ധതികള്‍ക്ക് ലഭിച്ചു. ഓക്‌സിജന്‍ സിലിന്‍ഡറും ഐ സി യു ബെഡുകളും വെന്റിലേറ്ററുകളുമില്ലാതെ ഡല്‍ഹിയില്‍ നിരവധി പേര്‍ മരിച്ചുവീഴുമ്പോള്‍ ഈ പദ്ധതി ധൂര്‍ത്താണെന്നും ആ തുക കോവിഡ് പ്രതിരോധത്തിനും സൗജന്യ വാക്‌സിനേഷനും വിനിയോഗിക്കണമെന്നും വ്യാപക ആവശ്യമുയരുന്നുണ്ട്.