ഇപ്പോൾ ഒരു പോസ്റ്റ്‌മോർട്ടത്തിന്‍റെ സമയമല്ല; സമയമാകുമ്പോൾ കോണ്‍ഗ്രസ് ശക്തമായി തിരിച്ചു വരും: എകെ ആന്റണി

single-img
3 May 2021

നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്‍റണി. ഇപ്പോഴത്തെ പരാജയത്തില്‍ പ്രവർത്തകർ നിരാശരാകരുതെന്നും സമയമാകുമ്പോൾ ശക്തമായി തിരിച്ചുവരാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇപ്പോഴുള്ളത് ഒരു പോസ്റ്റ്‌മോർട്ടത്തിന്‍റെ സമയമല്ലെന്നും കോൺഗ്രസിനെപ്പോലെ പരീക്ഷണങ്ങൾ നേരിട്ട, പരാജയങ്ങളെ അതിജീവിച്ച മറ്റൊരു രാഷ്ട്രീയ പാർട്ടിയുമില്ലെന്നും അദ്ദേഹം ഒരു ചാനലില്‍ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം എന്നത് എപ്പോഴും വിജയിക്കാന്‍ മാത്രമാണെന്ന് കരുതരുത്.ജയിക്കാനായി മാത്രം ജനിച്ചവരാരുമില്ല. പരാജയങ്ങളെ അതിജീവിക്കാനുള്ള മനക്കരുത്ത് വളർത്തിയെടുക്കുകയാണെങ്കിൽ കഴിഞ്ഞ കാലങ്ങളിലെന്നപോലെ സമയമാകുമ്പോള്‍ ശക്തമായി തിരിച്ചുവരാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരാജയത്തെ അഭിമുഖീകരിച്ച ഈ സ്ഥിതി കോൺഗ്രസിനു മാത്രമല്ല, എല്ലാ പാർട്ടികൾക്കും ഇതിനെക്കാൾ ഭയാനകമായ സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പരാജയപ്പെട്ടു എന്ന് കരുതി ലോകാവസാനമായെന്നു കരുതുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനല്ല താനെന്നും എ കെ ആന്‍റണി പറഞ്ഞു.