പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തേക്ക് ആര്? രമേശ് ചെന്നിത്തല പരിഗണനയിലില്ലെന്ന് സൂചന, സാധ്യതാപട്ടികയില്‍ ഇവര്‍

single-img
3 May 2021

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ നേതൃമാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. പ്രതിപക്ഷനേതാവ് എന്ന സ്ഥാനത്തേക്ക് പുതിയ പേരുകള്‍ ഉയര്‍ന്നുവരുമെന്നും വിവരം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടി വരാനും സാധ്യതയില്ല. ആരോഗ്യ നിലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ ചാണ്ടിയില്ലെന്ന് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശനാണ് മുന്‍ഗണന. മുതിര്‍ന്ന നേതാക്കളായ പി ടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു എന്നിവരും പരിഗണനയിലുണ്ട്.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. കെ സുധാകരന്റെ പേര് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും ഉയരാന്‍ സാധ്യത. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ചുമതല ഒഴിയാന്‍ അനുവദിക്കണമെന്നുമാണ് മുല്ലപ്പളളി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഏകപക്ഷീയ തീരുമാനം എടുക്കരുതെന്ന് മുല്ലപ്പളളിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരാജയത്തിന് കൂട്ടുത്തരവാദിത്തമുണ്ട്. അതിനാല്‍ കൂട്ടായ ആലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും ചെന്നിത്തല മുല്ലപ്പളളിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.