ഇത്തവണ നിയമസഭയിലേക്ക് ആകെ 11 വനിതകള്‍; എൽഡിഎഫിന് 10; യുഡിഎഫിന് കെകെ രമ മാത്രം

single-img
2 May 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ കഴിഞ്ഞ തവണ എട്ട് പേരാണെങ്കിൽ ഇത്തവണ 11 വനിതകളാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ പത്ത് പേർ എൽഡിഎഫിൽ നിന്നും ഒരാൾ യുഡിഎഫിൽ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഇവരില്‍ മട്ടന്നൂരിൽ വൻ ഭൂരിപക്ഷത്തിലാണ് ആരോഗ്യമന്ത്രി കെകെ ശൈലജ വിജയിച്ചത്. വടകര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ആർഎംപി നേതാവ് കെകെ രമ 7491 വേട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി നിയമസഭയിലേക്ക് എത്തുന്നത്.

ആറന്മുളയിൽ 13,853 വോട്ടിനാണ് ഇത്തവണ വീണ ജോർജ് വിജയിച്ചത്. യുഡിഎഫിലെ കെ ശിവദാസൻ നായരായിരുന്നു വീണയുടെ എതിർസ്ഥാനാർത്ഥി. കൊയിലാണ്ടി മണ്ഡലത്തിൽ യുഡിഎഫിലെ എൻ സുബ്രഹ്മണ്യനെതിരെ 7431 വോട്ടിനാണ് കാനത്തിൽ ജമീല വിജയിച്ചത്.

രണ്ടാം തവണയാണ് കായംകുളം മണ്ഡലത്തിൽ പ്രതിഭ വിജയിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിനെ 6,270 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവർ മറികടന്നത്.ഇത്തവണ കായംകുളം പാർട്ടിക്കുള്ളിൽ നിരവധി പ്രതിസന്ധികൾ നിൽക്കെയാണ് പ്രതിഭയുടെ വിജയം.

കൊല്ലം ചടയമംഗലത്ത് നിന്നും 10923 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി ചിഞ്ചുറാണി വിജയിച്ചത്. യുഡിഎഫിന്റെ എംഎം നസീറിനെതിരെയാണ് വിജയം.

യുഡിഎഫ് സ്ഥാനാർത്ഥിയും നിലവിലെ എംഎൽഎയുമായ ഷാനിമോൾ ഉസ്മാനെതിരെ 6077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദലീമയുടെ വിജയം. നിലവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടാണ് ദലീമ.31636 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആറ്റിങ്ങളിൽ ഒഎസ് അംബിക ജയിച്ചത്. ബിജെപി സ്ഥാനാർത്ഥിയായ പി സുധീറിനേയും യുഡിഎഫ് ആർഎസ്പി സഖ്യ സ്ഥാനാർത്ഥിയുമായ എ ശ്രീധരനേയും തോൽപ്പിച്ചാണ് അംബിക വിജയിച്ചത്.

എൽഡിഎഫ് സ്ഥാനാർത്ഥി കെ ശാന്തകുമാരി 3214 വോട്ടിനാണ് കോങ്ങാട് മണ്ഡലത്തിൽ വിജയിച്ചത്. യുസി രാമനും ബിജെപിയുടെ സുരേഷ് എമ്മുമാണ് എതിർ സ്ഥാനാർത്ഥികൾ.ഇരിങ്ങാലക്കുടയിൽ 5949 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആർ ബിന്ദുവിന്റെ വിജയം. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ, എൻഡിഎ സ്ഥാനാർത്ഥി ജേക്കബ് തോമസ് എന്നിവരെ പിന്തള്ളിയാണ് വിജയം.