പിണറായി വിജയനിലും അദ്ദേഹത്തിന്റെ സർക്കാരിലും ജനങ്ങൾ കാണിച്ച വിശ്വാസത്തെ മാനിക്കേണ്ടത് നമ്മുടെ കടമ: ശശി തരൂര്‍

single-img
2 May 2021

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ തുടർഭരണം നേടിയ പിണറായി വിജയൻ സർക്കാരിനെ അഭിനന്ദിച്ച് ശശി തരൂർ എം പി. ഇതുപോലെ ഒരു വിജയം 44 വർഷത്തെ കേരള രാഷ്ട്രീയത്തിൽ ആദ്യത്തേതാണ്. മുഖ്യമന്ത്രി പിണറായി വിജയനിലും അദ്ദേഹത്തിന്റെ സർക്കാരിലും ജനങ്ങൾ കാണിച്ച വിശ്വാസത്തെ മാനിക്കേണ്ടത് നമ്മുടെ കടമയാണ്.

കോവിഡിനും വളരുന്ന വർഗീയതയ്‌ക്കുമെതിരായ പോരാട്ടത്തിൽ അദ്ദേഹത്തിന് നമ്മുടെ പിന്തുണ ഉണ്ടായിരിക്കണമെന്നും ശശി തരൂർ സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തു. കോൺഗ്രസിലുള്ള തന്റെ പല സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഇത് നിരാശാജനകമായ ദിവസമാണെന്നും ശശി തരൂർ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഒരു നല്ല പോരാട്ടം കോൺഗ്രസ് കാഴ്ചവെച്ചു. കോൺഗ്രസിൽ നിന്ന് താൻ കണ്ട ഊർജ്ജവും പ്രതിബദ്ധതയും പാർട്ടിയുടെ ഏറ്റവും വലിയ ശക്തിയാണ്. പരാജയത്തിൽ നിരാശപ്പെടരുതെന്നും കോൺഗ്രസ് പാർട്ടിയെ പുതുക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും ജനങ്ങളെ സേവിക്കുന്നതിനും ഇനിയിൽ മുന്നിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ശശി തരൂർ പറഞ്ഞു.