ബംഗാളില്‍ തൃണമൂല്‍ മുന്നില്‍; തമിഴ്‌നാട്ടില്‍ ഡിഎംകെ

single-img
2 May 2021

പശ്ചിമ ബംഗാളില്‍ ഭരണത്തുടര്‍ച്ച നേടാന്‍ കനത്ത പോരാട്ടത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. 107 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നു. 100 സീറ്റുമായി ബിജെപി തൊട്ടുപിന്നിലാണ്. ബംഗാളില്‍ 200-ലധികം സീറ്റ് നേടി ഭരിക്കുമെന്ന് അമിത്ഷാ പ്രഖ്യാപിച്ചിരുന്നു. അതേസമയം അക്രമ രാഷ്ട്രീയം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് ഭരണ തുടര്‍ച്ച നേടുമെന്ന ആത്മവിശ്വാസത്തിലാണ് മമതാ ബാനര്‍ജി. കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായി സംഘര്‍ഷങ്ങള്‍ നടന്ന നന്ദിഗ്രാമിലെയും സിംഗൂരിലെയും ഫലങ്ങളാണ് ഇരു മുന്നണികള്‍ക്കും നിര്‍ണായകം.

അസമില്‍ ബിജെപി 16 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ തൊട്ടുപിന്നില്‍ 15 സീറ്റിലാണ് കോണ്‍ഗ്രസിന് ലീഡുള്ളത്. കോണ്‍ഗ്രസിനും ബിജെപിക്കും സംസ്ഥാനത്ത് തുല്യസാധ്യതയാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ ചൂടുപിടിക്കുമ്പോള്‍ 53 സീറ്റില്‍ ഡിഎംകെ ലീഡ് ചെയ്യുന്നു. 44 സീറ്റിലാണ് എഐഎഡിഎംകെയുടെ ലീഡ്. കരുണാനിധിയുടെയും ജയലളിതയുടെയും അസാന്നിധ്യത്തിലുള്ള ആദ്യ തെരഞ്ഞെടുപ്പിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പുതുച്ചേരിയില്‍ 8 സീറ്റില്‍ എന്‍ഡിഎ മുന്നിട്ടു നില്‍ക്കുകയാണ്. യുപിഎ അഞ്ച് സീറ്റിലും.