അവന്‍ വിശപ്പിന്റെ വിലയറിഞ്ഞ് വളരട്ടെ, മകന്റെ ആദ്യ നോമ്പനുഭവം പങ്കുവെച്ച് നിര്‍മല്‍ പാലാഴി

single-img
1 May 2021

ആദ്യ റമദാന്‍ വ്രതം നോറ്റ് ബാങ്ക് വിളിക്കുവേണ്ടി കാത്തിരിക്കുന്ന മകന്റെ ചിത്രം പങ്കുവെച്ച് സിനിമാ താരം നിര്‍മല്‍ പാലാഴി. ഫേസ്ബുക്ക് പോസ്റ്റിലൂടെ മകന്‍ ഉണ്ണിക്കുട്ടന്റെ ആദ്യ നോമ്പനുഭവമാണ് നിര്‍മല്‍ പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ നോമ്പ് എടുക്കുന്നത് കണ്ടിട്ടാണ് മകന് നോമ്പ് എടുക്കാന്‍ ആഗ്രഹം തോന്നിയതെന്നും, നോമ്പ് എടുത്തതിനേ ശേഷം വിശന്നെന്നും പക്ഷേ കഴിക്കാതെ അവന്‍ നോമ്പ് പൂര്‍ത്തിയാക്കിയെന്നും നിര്‍മല്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബാങ്ക് വിളിക്ക് വേണ്ടി കാത്തു നില്‍ക്കുന്ന ഉണ്ണിക്കുട്ടന്‍. ആദ്യമായി എടുത്ത നോമ്പ് ആണ്. സുഹൃത്തുക്കള്‍ എടുക്കുന്നത് കണ്ടപ്പോള്‍ മൂപ്പര്‍ക്കും ഒരാഗ്രഹം. പുലര്‍ച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. പത്ത് മണി ആയപ്പോള്‍ ഞങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ നടപ്പ്-ഇതാണോ വല്യ കാര്യം, എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട്. ഉച്ചയായപ്പോള്‍ മുഖം വാടി. ഞങ്ങള്‍ ആവുന്നതും പറഞ്ഞു-ടാ… ഇത് നിനക്ക് നടക്കൂല്ല, എന്തേലും കഴിക്കാന്‍ നോക്ക്. പക്ഷേ, ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്പ് മുറിക്കുവാന്‍ കാത്ത് ഇരിക്കുകയാണ്. സന്തോഷം. വിശപ്പ് എന്തെന്നും അതിന്റെ വിലയും അവനും മനസ്സിലാക്കട്ടെ.