ഇടതിന് തുടര്‍ച്ചയില്ല, കേരളത്തില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടാകാത്ത ഫലമായിരിക്കും, ബിജെപിക്ക് രണ്ടില്‍ കൂടുതല്‍ സീറ്റ് ലഭിക്കും; കെ സുരേന്ദ്രന്‍

single-img
1 May 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് രണ്ടില്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്ന് സംസ്ഥാന ആദ്യക്ഷന്‍ കെ സുരേന്ദ്രന്‍.നേമം നിലനിര്‍ത്തി മഞ്ചേശ്വരം ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ ജയിക്കുമെന്നും കെ സുരേന്ദ്രന്‍. കേരളത്തില്‍ ഇടതു ഭരണ തുടര്‍ച്ച ഉണ്ടാകില്ലെന്നും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഫലമാണ് ഉണ്ടാവുകയെന്നും പരാമര്‍ശം. കേരളത്തില്‍ പുറത്തുവന്ന എക്സിറ്റ് പോളുകളെ ബിജെപി നേതൃത്വം തള്ളി. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും യോഗി ആദിത്യനാഥും ഉള്‍പ്പെടെ ബിജെപിയുടെ മുന്‍നിര താരങ്ങള്‍ ആദ്യാവസാനം പ്രചാരണം നടത്തിയിരുന്നു. അതിനാല്‍ത്തന്നെ മേയ് 2നു വരുന്ന തെരഞ്ഞെടുപ്പു ഫലം ബിജെപി കേരള നേതൃത്വത്തിന് നിര്‍ണായകമാണ്. നേമം, പാലക്കാട്, മഞ്ചേശ്വരം എന്നിവ ഉറപ്പിക്കുന്നതിനൊപ്പം കഴക്കൂട്ടവും വട്ടിയൂര്‍ക്കാവും മലമ്പുഴയും ബിജെപിയുടെ പ്രതീക്ഷാ പട്ടികയിലുണ്ട്.

ബിജെപി പ്രതീക്ഷിക്കുന്നത് 20% വോട്ടാണ്. പാര്‍ട്ടി ശക്തമായ ത്രികോണ മത്സരം കാഴ്ചവച്ച 23 മുതല്‍ 25 മണ്ഡലങ്ങളില്‍ പകുതിയിലെങ്കിലും രണ്ടാം സ്ഥാനത്ത് എത്തിയാല്‍ എന്‍ഡിഎ ക്യാമ്പില്‍ ആഘോഷത്തിനുള്ള വകയാകും. എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുറം തിരിച്ചടിയുണ്ടാകുന്ന പക്ഷം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് പൊട്ടിത്തെറിയിലേക്കും ബിജെപി ക്യാമ്പ് നീങ്ങും.