നേതാക്കള്‍ പ്രചാരണത്തില്‍ സഹകരിച്ചില്ല’; ബിജെപിയുടെ വയനാട് ജില്ലാ നേതൃത്വത്തിനെതിരെ പരാതിയുമായി സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി

single-img
1 May 2021

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തില്‍ ബിജെപി വയനാട് ജില്ലാ നേതൃത്വത്തിനെതിരെ പരാതിയുമായി സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി. ജില്ലയിലെ ബത്തേരിയില്‍ ബിജെപി നേതാക്കള്‍ പ്രചരണത്തില്‍ സഹകരിച്ചില്ലെന്നും പര്യടന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ പോലും മനപൂര്‍വം പിഴവുണ്ടാക്കിയെന്നുമുള്ള പരാതി ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴയാണ് കെ സുരേന്ദ്രന് നല്‍കിയത്.

എന്നാല്‍ ഈ രീതിയിലുള്ള പരാതി നൽകിയത് തൻ്റെ അറിവോടെ അല്ലെന്ന് സി കെ ജാനു പ്രതികരിക്കുകയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരി നിയമസഭാ മണ്ഡലത്തിൽ സികെ ജാനുവിന് വോട്ടുകുറയുമെന്ന് പരാതിയില്‍ പ്രകാശൻ പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ടില്‍ ബിജെപി കൃത്രിമം കാണിച്ചുവെന്നും ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് ഒരു ഘട്ടത്തില്‍ ബിജെപി ഏര്‍പ്പെടുത്തിയ പ്രചരണ വാഹനത്തില്‍ നിന്നും ജനാതിപത്യ രാഷ്ട്രീയ പാര്‍ട്ടിയിലെ ആദിവാസി നേതാക്കാളെ ഇറക്കിവിടുന്ന സാഹചര്യം വരെയുണ്ടായി എന്നും ആക്ഷേപമുണ്ട്.