കൊവിഡ് വ്യാപനം: ദേശീയതലത്തില്‍ കര്‍മ്മപദ്ധതി ആരംഭിക്കണം; കേന്ദ്രത്തിനോട് സോണിയ

single-img
1 May 2021

രാജ്യമാകെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിൽ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉറക്കമുണര്‍ന്ന് ഉത്തരവാദിത്വം നിറവേറ്റണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇതിനായി ദേശീയതലത്തില്‍ കര്‍മ്മപദ്ധതി ആരംഭിക്കണമെന്നും സോണിയ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആവശ്യപ്പെട്ടു.

രാജ്യത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും അവരുടെ ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്യേണ്ട സമയം അതിക്രമിച്ചു. വിവിധ സംസ്ഥാനങ്ങളിൽ കുടിയേറ്റ തൊഴിലാളികളുടെ നില ഗുരുതരമാണ്, അവരുടെ യാത്ര തടയുകയും, കൊവിഡ് വ്യാപനം കുറയുന്നത് വരെ ബാങ്ക് അക്കൌണ്ടില്‍ കുറഞ്ഞത് 6000 രൂപയെങ്കിലും നിക്ഷേപിക്കണമെന്നും സോണിയ പറഞ്ഞു.

രാജ്യവ്യാപകമായി കൊവിഡ് പരിശോധന വർദ്ധിപ്പിക്കുകയും ഓക്സിജനും മറ്റ് അവശ്യവസ്തുക്കളും യുദ്ധകാലാടിസ്ഥാനത്തിൽ ക്രമീകരിക്കുകയും സർക്കാർ രാജ്യത്തെ എല്ലാ പൗരന്മാർക്കും സൗജന്യ വാക്സിന്‍ നല്‍കണമെന്നും സോണിയ ആവശ്യപ്പെട്ടു.ഇതിനായി ആവശ്യമായ വാക്‌സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിത ലൈസന്‍സ് നല്‍കുന്ന കാര്യം പരിഗണിക്കണം.

ജനങ്ങളുടെ ജീവന്‍രക്ഷാ മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് അവസാനിപ്പിക്കണം. അഭിപ്രായ വ്യത്യാസങ്ങളെ മറികടന്ന് മുന്നോട്ടുപോകാനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിയാലോചിച്ച് രാജ്യവ്യാപകമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊവിഡിനെതിരെ നടത്തുന്ന പോരാട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന് കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.