ഓക്‌സിജന്‍ ക്ഷാമത്തിന്റെ കാര്യം പുറത്തു മിണ്ടരുതെന്ന് യോഗി ആദിത്യനാഥ്; പേടിച്ച് മിണ്ടാതിരിക്കാനാവില്ലെന്ന് ആശുപത്രികൾ

single-img
30 April 2021

ഓക്‌സിജന്‍ ക്ഷാമത്തിന്റെ കാര്യം പുറത്തു മിണ്ടരുതെന്ന യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം അവഗണിച്ച് ഉള്ളകാര്യം തുറന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രി അധികൃതര്‍ രംഗത്ത്. ആശുപത്രികളിലെ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഓക്‌സിജന്‍ ഫില്ലിംഗ് സെന്ററുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കേണ്ട ഗതികേടും പലരും തുറന്നു പറയുകയാണ്. എല്ലാ ആശുപത്രികളിലും ആവശ്യത്തിന് ഓക്‌സിജന്‍ എത്തിച്ചിട്ടുണ്ട് എന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തിനെതിരായിട്ടാണ് ആശുപത്രികളുടെ വെളിപ്പെടുത്തൽ.

കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കിടയില്‍ എട്ട് രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച ടെണ്ടര്‍പാമില്‍ നൂറോളം രോഗികളെ രക്ഷിക്കാന്‍ അധികൃതര്‍ റീഫില്ലിംഗ് കേന്ദ്രത്തില്‍ പോയി ക്യൂ നില്‍ക്കുകയാണ്. പ്രതിദിനം 400 സിലിണ്ടറുകള്‍ ആവശ്യമുള്ളപ്പോള്‍ വെറും 90 എണ്ണം ഓക്‌സിജന്‍ സിലിണ്ടര്‍ മാത്രമാണ് കൈവശമുള്ളതെന്ന മീററ്റിലെ ആനന്ദ് ആശുപത്രി അധികൃതരുടെ വെളിപ്പെടുത്തലും സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ദേശീയമാധ്യമത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.

ഒറ്റ ദിവസം ഇവിടെ മൂന്ന് രോഗികളാണ് ശ്വാസംമുട്ടി മരിച്ചത്. അതേസമയം ഓക്‌സിജന്‍ ക്ഷാമമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ക്ക് തടയിടാന്‍ യുപി സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഓക്‌സിജന്‍ ഇല്ലെന്ന അഭ്യൂഹം പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ മീററ്റിലെ ഒരു ആശുപത്രിക്ക് നോട്ടീസ് നല്‍കി. മതിയായ വിശദീകരണം നല്‍കിയില്ലെങ്കില്‍ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്. അതേസമയം തന്നെ ഈ ആശുപത്രിയില്‍ നാല് രോഗികള്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ആശുപത്രി ഓക്‌സിജന്‍ ക്ഷാമം നേരിടുകയാണെന്ന വിവരം ആശുപത്രി അധികൃതരും പറയുന്നു. പ്രതിദിനം 300 ഓക്‌സിജന്‍ സിലിണ്ടര്‍ വേണ്ട ആശുപത്രിയാണ് ഇത്. മീററ്റിലെ ചീഫ് മെഡിക്കല്‍ ഓഫീസറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഓക്‌സിജന്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഇല്ലെന്നത് വാസ്തവമാണെന്നാണ് വിശദീകരണം.

ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ച് വാര്‍ത്തകള്‍ മുക്കാനുള്ള യുപി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജിയും എത്തിയിട്ടുണ്ട്. ആക്റ്റിവിസ്റ്റ് സാകേത് ഗോഖലെയാണ് കോടതിയെ സമീപിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഓകസിജന്‍ ക്ഷാമത്തെക്കുറിച്ച് പറയുന്നവരെ അറസ്റ്റ് ചെയ്യുന്നത് സര്‍ക്കാര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണെന്നും ഇത് സഹായം അഭ്യര്‍ഥിക്കാന്‍ പോലും ജനങ്ങളില്‍ ഭയം ഉളവാക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. പന്ത്രണ്ടോളം പേരെ ഇക്കാര്യത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനത്തെ എതിര്‍ത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായപ്പോഴായിരുന്നു സംസ്ഥാനത്ത് ആശുപത്രി കിടക്കകള്‍ക്ക് ക്ഷാമമുണ്ടെന്ന് ​തുഷാര്‍മേത്ത സുപ്രീംകോടതിയില്‍ അറിയിച്ചത്. ഇത് പിന്നീട് വൈറലായി മാറുകയും ചെയ്തിരുന്നു.