ട്രെയിനിനുള്ളില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടിസ്

single-img
30 April 2021

ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനിനുള്ളില്‍ യുവതിയെ അക്രമിക്കാന്‍ ശ്രമിച്ച പ്രതി ബാബുക്കുട്ടനായുള്ള അന്വേഷണം ഊര്‍ജിതമാക്കി റെയില്‍വേ പൊലീസ്. ഇയാള്‍ക്കായി പൊലീസും റെയില്‍വേയും ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. റെയില്‍വേ പൊലീസ് സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.ഇയാള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നിട്ടുണ്ടാകാം എന്നാണ് സൂചന. ഈ സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സിസി ടി വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നത്. യുവതിയില്‍ നിന്ന് വാങ്ങി പ്രതി വലിച്ചെറിഞ്ഞ മൊബൈല്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം മുളന്തുരുത്തിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. പരുക്കേറ്റ യുവതി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

ഓടിക്കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്ക് പരുക്കേറ്റ പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് പ്രലേശിപ്പിച്ചത്. കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തുവെച്ചായിരുന്നു ആക്രമണം.

ചെങ്ങന്നൂരില്‍ ജോലിക്കു പോകാനായി മുളന്തുരുത്തിയില്‍നിന്നാണു യുവതി ട്രെയിനില്‍ കയറിയത്. ഈ യുവതി മാത്രമാണ് കമ്ബാര്‍ട്ട്മെന്റില്‍ ആ സമയം ഉണ്ടായിരുന്നത്. കമ്ബാര്‍ട്ട്മെന്റിലെ വാതിലുകള്‍ അടച്ചശേഷം യുവതിയെ ഇയാളുടെ പക്കലുണ്ടായിരുന്ന സ്‌ക്രൂഡ്രൈവര്‍ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ അഴിച്ചുവാങ്ങിയത്. മുളന്തുരുത്തി സ്റ്റേഷന്‍ വിട്ട ഉടന്‍ തന്നെ യുവതിയെ ട്രെയിനിന്റെ ശുചിമുറി ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവരികയും ആക്രമിക്കുകയും ചെയ്തു.