എന്തുകൊണ്ട് മുഴുവന്‍ വാക്സീനും കേന്ദ്രസര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ല; നിരക്ഷരര്‍ എങ്ങനെ കോവിന്‍ പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്യുമെന്നും സുപ്രീംകോടതി

single-img
30 April 2021

കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് മുഴുവന്‍ വാക്സീനും വാങ്ങി വിതരണം ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി. പൊതുഫണ്ടുപയോഗിച്ചാണ് വാക്സീന്‍ ഉത്പാദിപ്പിക്കുന്നതിന് കമ്പനികൾക്ക് പണം നൽകിയത്. അങ്ങനെ ഒരു സാഹചര്യത്തിൽ വാക്സീന്‍ പൊതു ഉല്‍പ്പന്നമാണെന്ന് കോടതി. കോവിന്‍ പോര്‍ട്ടല്‍ വഴി നിരക്ഷരര്‍ എങ്ങനെറജിസ്റ്റര്‍ ചെയ്യുമെന്നും സുപ്രീംകോടതി ചോദിച്ചു. സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍ വാദം തുടരുകയാണ്.

വാക്സീനുകളുടെ വിലയിൽ കോടതി വീണ്ടും കേന്ദ്രത്തെ ചോദ്യം ചെയ്തു. വാക്സീന്‍ വില നിയന്ത്രിക്കണമെന്ന് കോടതി നിർദേശിച്ചു. വില തീരുമാനിക്കേണ്ടത് കമ്പനികളല്ല. കേന്ദ്രം അധികാരം പ്രയോഗിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അമേരിക്കയിലില്ലാത്ത വില എന്തിന് കോവിഷീൽഡ് വാക്സീന് ഇന്ത്യക്കാർ നൽകുന്നു. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും എന്തിന് രണ്ട് വിലകൾ ഉണ്ടായിരിക്കണം. വാക്സീൻ ഉൽപാദനം കൂട്ടണമെന്നും കോടതി നിർദേശിച്ചു. 

ആശുപത്രികളിലെ ചികിത്സാ നിരക്ക് നിയന്ത്രിക്കാൻ എന്താണ് കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി?. ചികിത്സാനിരക്ക് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ആണോ..?. പുതിയ വകഭേദം ആർ.ടി.പി.സി.ആർ പരിശോധനകളിൽ തെളിയുന്നില്ല. ലക്ഷണങ്ങൾ ഇല്ലാത്തവരെ പ്രവേശിപ്പിക്കാന്‍ വലിയ തുക  ഈടാക്കുന്നു. ഗുജറാത്തിൽ ആംബുലൻസിൽ വരാത്തവരെ ആശുപത്രികളില്‍ കയറ്റുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കൂടാതെ രാജ്യത്തുടനീളം കോവിഡ് തീവ്രമായി വ്യാപിക്കുന്നതിനിടെ സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടുന്നവർക്കെതിരെയുള്ള നടപടി കോടതിയലക്ഷ്യമെന്നു നിരീക്ഷിച്ച കോടതി, വിവരങ്ങൾ അടിച്ചമർത്താൻ അനുവദിക്കില്ലെന്നും പറഞ്ഞു. പൗരന്മാര്‍ അവരുടെ ആവലാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് ഒരു സംസ്ഥാന സര്‍ക്കാരും തടയരുതെന്ന് മുന്നറിയിപ്പ് നല്‍കി സുപ്രീംകോടതി.