4800 രൂപയ്ക്കു വാങ്ങിയ റെംഡിസിവര്‍ കരിഞ്ചന്തയില്‍ 20,000 രൂപക്ക് വിറ്റു; ഡോക്ടർ ഉൾപ്പെടെ 6പേർ പിടിയിൽ

single-img
30 April 2021

കോവിഡ് രോഗ ചികില്‍സയ്ക്ക് നൽകുന്ന റെംഡിസിവര്‍ മരുന്ന് കരിഞ്ചന്തയില്‍ വിറ്റതിന് ചെന്നൈയിലും ഡല്‍ഹിയിലുമായി ഡോക്ടറുള്‍പ്പെടെ 6 പേരെ പോലീസ് പിടികൂടി.

ചെന്നൈ താമ്പരത്ത് ഡോക്ടറും സഹായികളും വില്‍പനക്കാരനുമുള്‍പ്പെടെ നാലുപേര്‍ പിടിയിലായി. 4800 രൂപയ്ക്കു വാങ്ങിയ മരുന്ന്   20,000 രൂപയ്ക്കാണ് വിറ്റത്.

ആശുപത്രിയിലെയും ഫാര്‍മ ഏജന്‍സിയിലെയും ജീവനക്കാരാണ് ഡല്‍ഹിയില്‍ അറസ്റ്റിലായത്. ഉത്തരാഖണ്ഡില്‍  വ്യാജ റെംഡിസിവിര്‍ നിര്‍മാണ ഫാക്ടറി കണ്ടെത്തി. ഉടമ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലായി. വ്യാജ മരുന്ന് 25,000 രൂപ നിരക്കിലാണ് വിറ്റിരുന്നത്.

അതെ സമയം കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ വീടുകളിൽവച്ച് ഉപയോഗിക്കരുതെന്നും ആശുപത്രികളിൽവച്ച് മാത്രമേ മരുന്ന് സ്വീകരിക്കാവൂവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. ലക്ഷണങ്ങളില്ലാത്തതോ, നേരിയ ലക്ഷണങ്ങൾ മാത്രമുള്ളതോ ആയ രോഗികളുടെ ഹോം ഐസലേഷന് പുതിയ മാർഗനിർദേശം പുറത്തിറക്കി.

∙ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾ ട്രിപ്പിൾ ലെയർ മെഡിക്കൽ മാസ്ക് ഉപയോഗിക്കണം

∙ 8 മണിക്കൂർ ഇടവേളകളിൽ മാസ്ക് മാറ്റണം

∙ വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പർക്കം പാടില്ല

∙ ചികിത്സ സഹായി എത്തുമ്പോൾ രോഗിയും സഹായിയും എൻ 95 മാസ്ക് ധരിക്കണം

∙ സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് അണുനശീകരണം നടത്തിയശേഷമേ മാസ്കുകൾ കളയാവൂ.

∙ ഓക്സിജൻ സാച്യുറേഷനും ശരീരോഷ്മാവും നിരീക്ഷിക്കണം

∙ പാരസെറ്റമോൾ 650 മില്ലിഗ്രാം നാലു നേരം കഴിച്ചശേഷവും പനിയുണ്ടെങ്കിൽ ഡോക്ടറെ കാണണം

∙ ശ്വാസതടസമോ, ശക്തമായ ചുമയോ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം

∙ നിരന്തരം കൈ കഴുകുകയും ധാരാളം വെള്ളം കുടിക്കുകയും വേണം

ലക്ഷണങ്ങളില്ലാത്ത രോഗികൾക്ക് 10 ദിവസത്തിന് ശേഷം ഹോം ഐസലേഷൻ അവസാനിപ്പിക്കാമെന്നും കോവിഡ് പരിശോധന ആവശ്യമില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.