കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് ഇന്ത്യയെ കൈവിട്ട് നരേന്ദ്രമോദി; പ്രധാന മന്ത്രി ജനങ്ങളെ പരാജയപ്പെടുത്തിയെന്ന് ടൈം മാഗസിന്‍ കവര്‍ സ്റ്റോറി

single-img
30 April 2021

കോവിഡിന്റെ രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര സര്‍ക്കാരും പരാജയപ്പെട്ടെന്ന് ടൈം മാഗസിന്‍ കവര്‍ സ്റ്റോറി. ‘ഇന്ത്യ പ്രതിസന്ധിയിലാണ്’, ‘എങ്ങനെയാണ് മോദി നമ്മെ പരാജയപ്പെടുത്തിയത്’ എന്ന രണ്ട് പ്രധാന തലക്കെട്ടോടെയുള്ള ലേഖനങ്ങളിലാണ് മോദി സര്‍ക്കാരിനെതിരെ ടൈം മാഗസിന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. ടൈം ഡെപ്യൂട്ടി എഡിറ്റര്‍ നൈന ബജേക്കലും മാധ്യമപ്രവര്‍ത്തകയും ‘ഗുജറാത്ത് ഫയല്‍സ്’ പുസ്തകത്തിന്റെ രചയിതാവുമായ റാണ അയ്യൂബ് എന്നിവരാണ് കവര്‍ ലേഖനങ്ങള്‍ എഴുതിയിരിക്കുന്നത്. ഡല്‍ഹിയില്‍ ശ്മശാനത്തില്‍ നിന്നും ശിവന്‍വര്‍മ്മ എന്നയാള്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട തന്റെ സഹോദര ഭാര്യയെ അടക്കാന്‍ കൊണ്ടുപോകുന്ന ചിത്രമാണ് മാഗസിന്റെ മുഖചിത്രം.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ..രാഷ്ട്രത്തിന് കൂട്ടക്കൊലകളെ ഇപ്പോള്‍ ഒഴിവാക്കാനാവുന്നില്ലെന്ന് നൈന ബജേക്കല്‍. ബോഡി ബാഗുകളുടെ ചിത്രങ്ങളും വൈദ്യസഹായത്തിനുള്ള അടിയന്തര അഭ്യര്‍ത്ഥനകളും കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുന്നതായും ഒരിറ്റ് ശ്വാസത്തിന് വേണ്ടി പോലും നിറഞ്ഞുകവിഞ്ഞ ആശുപത്രികളില്‍ പോകാന്‍ സാധിക്കുന്നില്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ ആരോഗ്യ സംവിധാനം തകര്‍ച്ചയുടെ വക്കിലാണെന്നും രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ വിതരണം, വെന്റിലേറ്ററുകള്‍, കിടക്കകള്‍ എന്നിവക്ക് കടുത്ത ക്ഷാമമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് ടെസ്റ്റുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ ലാബുകള്‍ പാടുപെടുന്നതിനിടയില്‍, റെംഡെസിവിര്‍ പോലുള്ള മരുന്നുകള്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ തിരക്കുകൂട്ടുന്നതായും നൈന ചൂണ്ടിക്കാട്ടുന്നു.

ഓക്‌സിജന്‍ ക്ഷാമത്തെ യഥാര്‍ത്ഥ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കുകയാണ് റാണ അയ്യൂബ് തന്റെ ലേഖനത്തില്‍. കോവിഡ് സാഹചര്യത്തിലും കുംഭ മേള പോലെയുള്ള വലിയ ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കിയതിനെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വലിയ തോതില്‍ നേതാക്കള്‍ ജനങ്ങളെ ഇറക്കിയതിനെയും റാണ അയ്യൂബ് തന്റെ ലേഖനത്തില്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്.

‘ധാര്‍ഷ്ട്യം, അമിതമായ ദേശീയത’ എന്നിവയൊക്കെ ഇന്ത്യയെ പ്രതിസന്ധിയിലാക്കിയെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ‘ദ ആസ്ട്രേലിയന്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു ‘ദ ഗാര്‍ഡിയന്‍’, ‘ഖലീജ് ടൈംസ്’, തുടങ്ങിയ മാധ്യമങ്ങളൊക്കെ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശം നടത്തിയിട്ടുണ്ട്.