77 മുതൽ 86 സീറ്റുകള്‍ വരെ; സംസ്ഥാനത്ത് തുടർഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് – സീ ഫോർ സർവെ ഫലം

single-img
30 April 2021

ഇത്തവണ കേരളാനിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക്‌ തുടർഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് – സീ ഫോർ പോസ്റ്റ് പോൾ സർവെ ഫലം. എല്‍ഡിഎഫിന് 77 മുതൽ 86 സീറ്റ് വരെ ലഭിക്കുമെന്നും 52 മുതൽ 61 സീറ്റ് വരെ നേടി യുഡിഎഫ് രണ്ടാമതെത്തുമെന്നും സർവെ ഫലം പറയുന്നു.

ബിജെപിക്ക് ഇത്തവണ രണ്ട് മുതൽ അഞ്ച് വരെ സീറ്റുകളാണ് ലഭിക്കാന്‍ സാധ്യത. ബാക്കിയുള്ളവര്‍ മൂന്ന് സീറ്റ് വരെ നേടിയേക്കാമെന്നും സർവെ പറയുന്നുണ്ട്. ഭരണത്തിനൊപ്പം 42 ശതമാനം നേടി വോട്ട് ശതമാനത്തിലും മുന്നിൽ ഇടതുപക്ഷമാണ്. യുഡിഎഫിന് 38 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ മൂന്നാം സ്ഥാനത്തെത്തുന്ന എൻഡിഎക്ക് 17 ശതമാനം വോട്ടാണ് നേടുകയെന്നും സര്‍വേ പറയുന്നു.

സംസ്ഥാനത്തെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇടതുമുന്നണി വ്യക്തമായ മേൽക്കൈ നേടും.മലബാറില്‍ 43 ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് ലഭിക്കുക. യുഡിഎഫിനാവട്ടെ 38 ശതമാനമാണ് സര്‍വേ പ്രവചിക്കുന്നത്.

മധ്യകേരളത്തിൽ 20 മുതൽ 23 വരെ സീറ്റ് യുഡിഎഫിന് ലഭിക്കാൻ സാധ്യതയുള്ളപ്പോള്‍ എൽഡിഎഫിന് 18 മുതൽ 21 സീറ്റ് വരെയാണ് കിട്ടുകയെന്നും സര്‍വേ പറയുന്നു. ഇവിടെ ബിജെപി നയിക്കുന്ന എൻഡിഎക്ക് ഒരു സീറ്റാണ് പരമാവധി പ്രവചിക്കപ്പെടുന്നത്. കേരളത്തില്‍ ആകെ നോക്കിയാല്‍ സ്ത്രീ വോട്ടർമാരിൽ 43 ശതമാനം സ്ത്രീകളും പിന്തുണക്കുന്നത് ഇടതുമുന്നണിയെയാണ്. 37 ശതമാനം. അതേപോലെ പുരുഷന്മാരിലും കൂടുതൽ പിന്തുണ ഇടതിനാണ്. 41 ശതമാനം.