“പോയി മരിക്കൂ” അരിവിഹിതം വെട്ടിക്കുറിച്ചത് ചോദ്യം ചെയ്ത കർഷകനോട് മന്ത്രി

single-img
29 April 2021

സംസ്ഥാന പൊതുവിതരണ സംവിധാനത്തിലൂടെ നൽകുന്ന അരിവിഹിതം വെട്ടിക്കുറച്ചതിനെ ചോദ്യം ചെയ്ത കർഷകനെ അധിക്ഷേപിച്ച കർണാടക ഭക്ഷ്യമന്ത്രി ഉമേഷ് കട്ടി. ഈ കോവിഡ് കാലത്ത്, ജീവിത ചെലവ് കണ്ടെത്താനാകാത്ത സാഹചര്യത്തിൽ സർക്കാർ നൽകുന്ന രണ്ട് കിലോ അരി ഞങ്ങൾക്ക് മതിയാകുന്നതാണോ എന്ന കർഷകന്റെ ചോദ്യമാണ് മന്ത്രിയെ ചൊടിപ്പിച്ചത്.

2 കിലോ അരി മാത്രമല്ല 3 കിലോ റാഗിയും നൽകുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. 3 കിലോ റാഗി കർണാടകയുടെ വടക്കൻ മേഖലകളിലൊന്നും ലഭിക്കുന്നില്ലെന്ന് കർഷകൻ മന്ത്രിയെ അറിയിച്ചു. മേയ്, ജൂൺ മാസങ്ങളിൽ കേന്ദ്രസർക്കാർ 5 കിലോ അരിയും ഗോതമ്പും നൽകുമെന്ന് മന്ത്രി പറഞ്ഞപ്പോൾ അതുവരെ ഞങ്ങൾ പട്ടിണി കിടക്കണോ, അതോ മരിക്കണോ എന്ന് വേദനയോടെ കര്‍ഷകൻ ചോദിച്ചു. അതു തന്നെയാണ് നിങ്ങൾക്ക് നല്ലത്, പോയി മരിക്കൂ എന്നായിരുന്നു ഉമേഷ് കട്ടിയുടെ രോഷത്തോടെയുളള മറുപടി.

സംഭവം വിവാദമായതോടെ നിരവധി പേർ മന്ത്രിയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ബി.എസ്. യെഡിയൂരപ്പ മന്ത്രിസഭയിൽനിന്ന് ഉടൻ തന്നെ ഉമേഷ് കട്ടിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ ട്വീറ്റ് ചെയ്തു.  അതേസമയം കർഷകന്റെ ചോദ്യം പ്രകോപനം ലക്ഷ്യമിട്ടതായിരുന്നുവെന്നും അതിനനുസരിച്ച് മറുപടി പറഞ്ഞു പോയതാണെന്നും മന്ത്രി പിന്നീട് വിശദീകരിച്ചു.