ആവശ്യമായത്ര വളണ്ടിയർമാരെ കണ്ടെത്തും; വാർഡ് തല സമിതികളുടെ പ്രവർത്തനം ഉയർന്ന തോതിൽ നടക്കണം: മുഖ്യമന്ത്രി

single-img
28 April 2021
pinarayi vijayan kerala covid management

കേരളത്തിൽ വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമാണെന്നും കൂടുതൽ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ് ഇപ്പോൾ ചെയ്യാവുന്ന ഉചിതമായ കാര്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും ഒഴിവാക്കണം. ഓക്സിജൻ ആവശ്യത്തിന് ലഭ്യമാക്കും. ഓക്സിജൻ നീക്കം സുഗമമാക്കാൻ എല്ലാ തലത്തിലും ഇടപെടും.

കാസർകോട് ജില്ലയിൽ ഇപ്പോൾ കർണാടകത്തിൽ നിന്നാണ് ഓക്സിജൻ ലഭിക്കുന്നത്. അവിടെ തടസമുണ്ട്. കർണാടക ചീഫ് സെക്രട്ടറിയുമായി കേരളത്തിന്റെ ചീഫ് സെക്രട്ടറി സംസാരിക്കും. നമ്മൾ പാലക്കാട് നിന്ന് ഓക്സിജൻ കർണാടകത്തിലേക്ക് അയക്കുന്നുണ്ടെന്നും അത് തടസപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ കാര്യങ്ങളെല്ലാം കർണാടകത്തിന്റെ ശ്രദ്ധയിൽപെടുത്തും. കാസർകോടടക്കം ഓക്സിജൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. ഓക്സിജൻ പ്രശ്നം പ്രത്യേകമായി ഇന്ന് ചർച്ച ചെയ്തു.നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ചില ജില്ലകളിൽ ചില തദ്ദേശ സ്ഥാപന അതിർത്തിക്കുള്ളിലും വലിയ തോതിൽ വർദ്ധിച്ചു. ഇത് കുറച്ച് കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യും.

തീവ്രമായ രോഗവ്യാപന ഘട്ടത്തിൽ പല കാര്യത്തിലും സഹായത്തിന് വളണ്ടിയർമാർ വേണം. പൊലീസ് 2000 വളണ്ടിയർമാരെ അവർക്കൊപ്പം ഉപയോഗിക്കും. ആവശ്യമായത്ര വളണ്ടിയർമാരെ കണ്ടെത്തും. ഈ ഘട്ടത്തിൽ വിവിധ വാർഡ് തല സമിതികളുടെ പ്രവർത്തനം ഉയർന്ന തോതിൽ നടക്കണം. ഇവർ പല രീതിയിൽ ഇടപെടണം. കാര്യങ്ങളെ ഗൗരവത്തോടെ നീക്കണം.

ഓരോ പ്രദേശങ്ങളിലും തദ്ദേശ സ്ഥാപനത്തിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് സമിതി പ്രവർത്തിക്കുന്നത്. ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകരും പൊലീസും റവന്യു ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും എല്ലാം ഇതിലുണ്ടാകും. ഇത് കൂടുതൽ ഫലപ്രദമായി പ്രവർത്തിപ്പിക്കണം. ഇപ്പോൾ ഓർക്കേണ്ടത് കഴിഞ്ഞ വ്യാപന ഘട്ടത്തിൽ വളണ്ടിയർമാരും പൊലീസും ഒന്നിച്ചിടപ്പെട്ടത് വലിയ ഫലം ചെയ്തിരുന്നു. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ചില ക്രമീകരണം വേണ്ടതുണ്ട്.

വാക്സീനേഷൻ കഴിഞ്ഞ ശേഷം രോഗം ബാധിക്കുന്നവരുണ്ട്. അവർ, പൊതുവേ വലിയ അപകടാവസ്ഥയിലേക്ക് നീങ്ങുന്നില്ല. അത്തരക്കാർ വീടുകളിൽ തന്നെ ആവശ്യമായ നിർദ്ദേശങ്ങളോടെ ചികിത്സിക്കണം. അതേപോലെ ഓക്സിജൻ ലെവൽ സാധാരണ നിലയിലുള്ളവർ പോസിറ്റീവായത് കൊണ്ട് മാത്രം മറ്റ് ആരോഗ്യ പ്രശ്നം ഇല്ലെങ്കിൽ ആശുപത്രിയിൽ കിടക്കേണ്ട. അവരുടെ കാര്യത്തിൽ ശാസ്ത്രീയ മാനദണ്ഡം വിദഗ്ദ്ധ സമിതി തയ്യാറാക്കും.രോഗവ്യാപന ഘട്ടം നേരിടുന്നതിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണം. ഇന്നുള്ള സൗകര്യങ്ങൾ ഇപ്പോഴുള്ള അവസ്ഥയിൽ നേരിടാൻ പര്യാപ്തമാണ്. രോഗവ്യാപനം കൂടുന്നത് കൂടിയ ശേഷം ആലോചിച്ചാൽ പോര. കൂടാൻ ഇടയുണ്ട് എന്നാണ് വിലയിരുത്തൽ.

വാക്സീൻ വിലക്ക് വാങ്ങുന്ന കാര്യം ചർച്ച ചെയ്യാനും വാങ്ങാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. എല്ലാവർക്കും സൗജന്യ വാക്സീൻ ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 70 ലക്ഷം ഡോസ് വാങ്ങാൻ 294 കോടി ചെലവാകും. 400 രൂപയാണ് ഡോസിന് അവർ ഈടാക്കുന്ന വില. പുറമെ അഞ്ച് ശതമാനം ജിഎസ്ടിയും വരും. ഭാരത് ബയോടെകിൽ നിന്ന് 600 രൂപ നിരക്കിൽ ജിഎസ്ടിയടക്കം 30 ലക്ഷം വാങ്ങാൻ 189 കോടി രൂപ ചെലവ് വരും. വാക്സീൻ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകളുണ്ട്. വിധി വന്ന ശേഷമായിരിക്കും ഓർഡർ കൊടുക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്സിൻ കൊടുക്കാവുന്ന വിധത്തിൽ വാക്സിൻ നയം ഭേദഗതി ചെയ്യണമെന്ന് കേന്ദ്രത്തോട് ഒരിക്കൽ കൂടി ആവശ്യപ്പെടുന്നു. ഇപ്പോൾ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത വില ഈടാക്കി വാക്സീൻ നൽകാനാണ് കേന്ദ്രം അനുവാദം നൽകിയിരിക്കുന്നത്. കേന്ദ്രത്തിന് നൽകുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങൾക്കും. വാക്സീൻ ലഭിക്കുമെന്ന് ഉറപ്പാക്കണം.