കെആര്‍ ഗൗരിയമ്മ അന്തരിച്ചുവെന്ന രീതിയില്‍ വ്യാജ പ്രചാരണവുമായി സോഷ്യൽ മീഡിയ

single-img
28 April 2021

മുന്‍ മന്ത്രിയും ദേശീയ രാഷ്ട്രീയത്തിലെ തന്നെ മുതിർന്ന നേതാവുമായ കെആര്‍ ഗൗരിയമ്മ അന്തരിച്ചുവെന്ന തരത്തിൽ പ്രചാരണവുമായി സോഷ്യൽ മീഡിയ. രക്തത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗൗരിയമ്മ മരിച്ചതായാണ് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. ഇത്തരത്തില്‍ നിരവധി ​​ഫേസ്​ബുക്ക്​ അക്കൗണ്ടുകളിലാണ്​ പോസ്​റ്റുകൾ പ്രത്യക്ഷപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്നത്​.

കഴിഞ്ഞ വ്യാഴാഴ്​ചയായിരുന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയില്‍​ ഗൗരിയമ്മയെ പ്രവേശിപ്പിച്ചത്. ​അതേസമയം, വ്യാജ പ്രചാരണവുമായി പോസ്​റ്റുകൾ പ്രത്യക്ഷപ്പെട്ട ​ചില അക്കൗണ്ടുകളിൽ നിന്ന്​ പിന്നീട്​ പോസ്റ്റു​കൾ നീക്കിയെങ്കിലും ഇപ്പോള്‍ വാട്​സാപ്പിൽ ഇതി​ൻ്റെ സ്​ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയാണ്​.

ഗൗരിയമ്മ ഇപ്പോഴുംചികിത്സയിലാണെന്നും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്​ വ്യാജ വാർത്തകളാണെന്നും​ തിരുവനന്തപുരം പി ആർ എസ്​ ആശുപത്രി അധികൃതർ വ്യക്​തമാക്കി. സത്യാവസ്ഥ വെളിപ്പെടുത്തി നാളെ രാവിലെ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്നും ആശുപത്രി അധികൃതർ വ്യക്​തമാക്കി.