സിദ്ദിഖ് കാപ്പനെ വിദഗ്ദ്ധ ചികിൽസയ്ക്കായി ഡൽഹിയിലേയ്ക്ക് മാറ്റണമെന്ന് സുപ്രീം കോടതി

single-img
28 April 2021
siddique kappan supreme court

യുഎപിഎ കേസില്‍ ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് സുപ്രീം കോടതി. ഡല്‍ഹിയിലെ എയിംസ്, രാം മനോഹർ ലോഹ്യ എന്നിവ പോലെ ഏതെങ്കിലും നല്ല ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചത്. 

ഇതില്‍ ഏത് ആശുപത്രിയിലേക്ക് മാറ്റണമെന്ന കാര്യം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. ചികിത്സയ്ക്ക് ശേഷം കാപ്പനെ തിരികെ മഥുര ജയിലിലേക്ക് മാറ്റണം. ജാമ്യത്തിനായി കാപ്പന്‍ വിചാരണ കോടതിയെ നേരിട്ട് സമീപിക്കണമെന്നും കേസില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് കോടതി പറഞ്ഞു. വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. 

എന്നാല്‍ കാപ്പന്‍ തടവില്‍ കഴിയുന്ന മഥുരയിലെ ജയിലില്‍ നിന്നും മാറ്റേണ്ട ആവശ്യമില്ലെന്നും ആവശ്യമെങ്കില്‍ കിടക്ക ഉറപ്പാക്കാം എന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. എന്നാല്‍ ഇത് പറ്റില്ലെന്നും കാപ്പന് ചികിത്സ ലഭിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു. ഡല്‍ഹിയില്‍ കൊവിഡ് രോഗികള്‍ ദിനംപ്രതി കൂടുകയാണെന്നും ഒരു കൊവിഡ് രോഗിയെ ഒഴിവാക്കി സിദ്ദിഖ് കാപ്പന് കിടക്ക നല്‍കുന്നത് പ്രയാസമായിരിക്കുമെന്നും ഏതെങ്കിലും ആശുപത്രിയെ ഇതിനായി സുപ്രീം കോടതി നിര്‍ദ്ദേശിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. എന്നാല്‍ അത് നിങ്ങള്‍ക്ക് ചെയ്യാവുന്നതേ ഉള്ളൂവെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.