കനി കുസൃതി ഇന്ത്യയിലെ തന്നെ മികച്ച നടിമാരിലൊരാൾ; ‘ബിരിയാണി’ക്ക് പ്രശംസയുമായി റോഷന്‍ ആന്‍ഡ്രൂസ്

single-img
28 April 2021

സജിന്‍ ബാബു സംവിധാനം ചെയ്ത ‘ബിരിയാണി’ പറയുന്നത് സാമൂഹ്യ മത വിമർശനവും സ്ത്രീപക്ഷ ലൈംഗികതയുമൊക്കെയാണ്. സജിൻ ബാബു തന്നെ തിരക്കഥയെഴുതിയ ബിരിയാണിയിലെ കനി കുസൃതിയുടെ പ്രകടനത്തിന് സംസ്ഥാന പുരസ്കാരം കരസ്ഥമാക്കുകയും ചിത്രം ദേശീയ പുരസ്കാര പ്രഖ്യാപനത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ ഇതാ, ഈ ചിത്രത്തെ പ്രകീർത്തിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ മികച്ച നടിമാരിലൊരാളാണ് കനി കുസൃതി എന്ന് റോഷൻ ആൻഡ്രൂസ് അഭിപ്രായപ്പെടുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ വാക്കുകള്‍:

‘ ആദ്യമായി ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരെയും ഞാന്‍ അഭിനന്ദിക്കുന്നു. സിനിമ എനിക്ക് വളരെ ഇഷ്ടമായി. നിങ്ങൾ എല്ലാവരും ഈ ചിത്രം കാണണം. ഇതുപോലെയുള്ള സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകാറില്ല. സജിന്‍ വളരെ നന്നായി തന്നെ ചെയ്തു. എല്ലാ അഭിനേതാക്കളും വളരെ നന്നായിരുന്നു. കനി കുസൃതി, നിങ്ങള്‍ ഇന്ത്യയിലെ തന്നെ മികച്ച നടിമാരില്‍ ഒരാളാണ്.’

‘ഞാന്‍ നിങ്ങളുടെ വലിയ ആരാധകനായിരിക്കുകയാണ്. ഓരോ നിമിഷവും വളരെ തന്മയത്തത്തോടെയായിരുന്നു താങ്കളുടെ പ്രകടനം. ഓരോ സീനും ഓരോ കഥാപാത്രത്തെത്തെും സജിന്‍ ഒരുക്കിയ രീതി മികച്ചതായിരുന്നു. ഇത് ഒരു മികച്ച തുടക്കമാകട്ടെ. സജിന്‍ ബാബുവിനും കനിക്കും എന്റെ സല്യൂട്ട്. സജിനില്‍ നിന്നും ഇനിയും മികച്ച സിനിമകള്‍ പ്രതീക്ഷിക്കുന്നു’.