കൊവിഡ് വ്യാപനം കുറയുന്നു; അടിയന്തരാവസ്ഥ പിൻവലിക്കാനൊരുങ്ങി പോർച്ചുഗൽ

single-img
28 April 2021

കൊവിഡ് വൈറസ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ അടിയന്തരാവസ്ഥ പിൻവലിക്കാനൊരുങ്ങി പോർച്ചുഗൽ. ഈ മാസം 30ന് അടിയന്തരാവസ്ഥ പിൻവലിക്കുമെന്നാണ് പ്രസിഡന്‍റ് മാർസലോ റെബേലോ ഡി സൂസ പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനത്താല്‍ ഇതിന് മുൻപ് 15 തവണയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപനം നടന്നത്.

പക്ഷെ ആരോഗ്യ- സാമ്പത്തിക രംഗങ്ങളിലെ വിദഗ്‌ദരുടെ അഭിപ്രായം പരിഗണിച്ച് ഇനിയൊരു അടിയന്തരാവസ്ഥ പ്രഖ്യാപനം നിലവിൽ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രസിഡന്‍റ് വ്യക്തമാക്കുകയായിരുന്നു. ലോകംഇതേവരെ വൈറസിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ലെന്നും ഏത് സമയം വേണമെങ്കിലും വീണ്ടും രാജ്യത്തേക്കും വൈറസ് എത്താമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇനി അങ്ങോട്ട്‌ വരാനിരിക്കുന്ന കാലം പ്രതിസന്ധികൾ നിറഞ്ഞതായിരിക്കുമെന്നും എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് കർശനമായി തുടരണമെന്നും തന്റെ സംഭാഷണത്തില്‍ അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ഡയറക്‌ടറേറ്റ് ജനറൽ ഫോർ ഹെൽത്ത് പുറത്തുവിട്ട റിപ്പോർട്ടിൽ 22 ശതമാനം ജനങ്ങൾക്ക് ഇതിനകം തന്നെ കൊവിഡ് വാക്സിൻ നൽകിയിട്ടുണ്ടെന്നും ഇതിൽ 8 ശതമാനം പേർക്ക് രണ്ട് ഡോസുകളും ലഭിച്ചുവെന്നും വ്യക്തമാക്കി.