മഹാരാഷ്ട്രയിലും ഡല്‍ഹിയിലും മരണസംഖ്യ ഉയരുന്നു; കൊവിഡ് വ്യാപനം അതിരൂക്ഷം

single-img
28 April 2021

ഇന്ത്യയില്‍ കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും മരണസംഖ്യയില്‍ വന്‍ വര്‍ധനവ്. രോഗവ്യാപനം രൂക്ഷമായ കര്‍ണാടകയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം പ്രതിദിന കേസ് ഇന്ന് മൂന്നര ലക്ഷവും മരണസംഖ്യ 3000 വും കടക്കാനാണ് സാധ്യത. കഴിഞ്ഞദിവസം കേസുകള്‍ കുറഞ്ഞ മഹാരാഷ്ട്രയില്‍ പ്രതിദിന കേസ് വീണ്ടും ഉയര്‍ന്നു. 66,358 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ മരണം തൊള്ളായിരത്തിന് അടുത്തെത്തി. കേരളം കൂടാതെ കര്‍ണാടകയിലും ഉത്തര്‍പ്രദേശിലും മുപ്പതിനായിരത്തിന് മുകളിലാണ് കൊവിഡ് രോഗികള്‍. ഡല്‍ഹിയില്‍ വീണ്ടും റെക്കോര്‍ഡ് മരണം രേഖപ്പെടുത്തി. 381 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചതോടെ ആകെ മരണസംഖ്യ 15,000 കടന്നു. ബംഗാള്‍, ചത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികള്‍ വര്‍ധിക്കുകയാണ്.

അതേസമയം മൂന്നാംഘട്ട വാക്സിനേഷനായി 18 മുതല്‍ നാല്‍പത്തിയഞ്ച് വയസിന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇന്ന് വൈകിട്ട് 4 മണി മുതല്‍ കോവിന്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യാം. നേരത്തെ ഉണ്ടായ നടപടിക്രമം തന്നെയാണ് തുടരേണ്ടത്. മേയ് ഒന്നാം തീയതി മുതലാണ് 18 വയസ് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുക.

രാജ്യത്തെ ഓക്സിജന്‍ വിതരണം വിലയിരുത്താന്‍ പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങളുമായി ഇന്ന് യോഗം ചേരും.