കേരളം ഒരുകോടി ഡോസ് വാക്സിൻ വാങ്ങും; സംസ്ഥാനത്ത് ലോക്ക്ഡൗൺ ഉണ്ടാകില്ല

single-img
28 April 2021
pinarayi vijayan

തിരുവനന്തപുരം: ഒരു കോടി ഡോസ് വാക്സിൻ വാങ്ങാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. അടുത്ത മാസത്തോടെ പത്ത് ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനം അടിയന്തിരമായി വാങ്ങുമെന്നും അറിയിക്കുന്നു. വില കൊടുത്താണ് ഈ 10 ലക്ഷം ഡോസ് വാക്സിനും സംസ്ഥാനം വാങ്ങുക. 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്സിനുമാണ് വാങ്ങുന്നത്.

സംസ്ഥാനത്ത് ലോക് ഡൗൺ വേണ്ടെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലോക് ഡൗൺ ഏർപ്പെടുത്തിയാൽ ജനജീവിതത്തെ സാരമായി ബാധിക്കുമെന്നുള്ള വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനം. എന്നാൽ പ്രാദേശിക തലത്തിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും.

അതേസമയം, രാജ്യത്ത് കൊവിഡ് രോഗബാധ ഗുരുതരമായ ജില്ലകളില്‍ ലോക്ഡൗണിന് കേന്ദ്രസർക്കാർ ശുപാര്‍ശ ചെയ്തിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആകാമെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശം. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക. എന്നാൽ ശുപാര്‍ശ നടപ്പിലാവുകയാണെങ്കില്‍ നിലവിലെ സ്ഥിതിയനുസരിച്ച് പത്തനംതിട്ട, വയനാട്, കാസര്‍ഗോഡ്, ഇടുക്കി എന്നീ ജില്ലകളൊഴിച്ച് കേരളത്തിലെ മറ്റെല്ലാ ജില്ലകളും ലോക്ഡൗണിലേക്ക് പോകും.

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, കേരളം, രാജസ്ഥാന്‍, ഗുജറാത്ത്, ഛത്തീസ്ഗഢ്, തമിഴ്‌നാട് എന്നീ എട്ട് സംസ്ഥാനങ്ങളില്‍ ഒരുലക്ഷത്തിലധികം ആക്ടീവ് കൊവിഡ് രോഗികളാണുള്ളത്. രാജ്യത്തെ ആകെ കേസുകളുടെ 69 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.