ഇന്ത്യയെ ശ്വാസം മുട്ടിച്ച് കോവിഡ് 19; ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 3,60,960 പേർക്ക് കൂടി രോഗം; രണ്ട് ലക്ഷം കടന്ന് മരണസംഖ്യ

single-img
28 April 2021

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 1,79,97,267 ആയി. കോവിഡ് മരണസംഖ്യ രണ്ട് ലക്ഷം കടന്നു. 3293 പേർ കൂടി മരിച്ചതോടെ ആകെ മരണം 2,01,187 ആയി. ഇതാദ്യമായാണ് രാജ്യത്തെ പ്രതിദിന മരണം 3,000 കടക്കുന്നത്. 

നേരത്തെ അമേരിക്ക, ബ്രസീല്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ മാത്രമാണ് കോവിഡ് മരണം രണ്ട് ലക്ഷം കടന്നത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നത്.

ഇന്നലെ 2,61,162 പേർ കൂടി രോഗമുക്തരായി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,48,17,371. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,48,17,371 ആണ്. ഇന്നലെ 17,23,912 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇതുവരെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 28,27,03,789 ആണ്.

അതേ സമയം രാജ്യത്തുടനീളം 14,78,27,367 പേര്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. 28,27,03,789 പേരുടെ സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. കഴിഞ്ഞ ദിവസം മാത്രം 17,23,912 സാമ്പിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 

പുതിയ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്രയാണ് മുന്നില്‍. കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. 

Content Summary: India Covid Updates 28-04-2021