കാസർകോട് ജില്ലയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാൻ ജില്ലാ ഭരണകൂടം

single-img
28 April 2021

കാസർകോട് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നു. നിർദിഷ്ട സ്ഥലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ ഡോ. സജിത് ബാബു കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ.പി. രാജ്‌മോഹൻ, ഫിനാൻസ് ഓഫീസർ സതീശൻ, വ്യവസായ കേന്ദ്രം മാനേജർ സജിത് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

അതിർത്തി ജില്ലയെന്ന പ്രത്യേകതയും ചട്ടഞ്ചാലിലെ കോവിഡ് ആശുപത്രി, കാസർകോട് മെഡിക്കൽ കോളജ് എന്നിവയുടെ സാന്നിധ്യവും ഭാവിയിൽ മരുന്ന് ഫാക്ടറികളടക്കം ആരോഗ്യ രംഗത്തുണ്ടാകുന്ന നിക്ഷേപ സാധ്യതകളും വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജൻ ലഭ്യതയും മുന്നിൽ കണ്ടാണ് വ്യവസായ പാർക്കിൽ തന്നെ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാൻ ജില്ലയുടെ ഭരണ നേതൃത്വം കൈകോർക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം. ഓക്‌സിജൻ പ്ലാന്റ് ത്രിതല പഞ്ചായത്തുകളും നഗരസഭകളും സംയുക്തമായി സ്ഥാപിക്കും. 50 ലക്ഷം രൂപയും ഭൂമിയും ജില്ലാ പഞ്ചായത്ത് അനുവദിക്കും. മൂന്ന് ലക്ഷം രൂപ വീതം ഗ്രാമപഞ്ചായത്തുകളും അഞ്ച് ലക്ഷം രൂപ വീതം ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും വകയിരുത്തും. ഇതിൽ ജില്ലാ ആസൂത്രണ സമിതി അന്തിമ തീരുമാനം അറിയിക്കും

കേരളത്തിൽ കാസർകോട് ജില്ലയിൽ ഇപ്പോള്‍ കർണാടകത്തിൽ നിന്നാണ് ഓക്സിജൻ ലഭിക്കാറുള്ളത്. അവിടെ ഇപ്പോൾ അതിന് തടസമുണ്ട് എന്ന് ഇന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജില്ലയിലെ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ കർണാടക ചീഫ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറി സംസാരിക്കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിക്കുകയുണ്ടായി.