സോളാര്‍ തട്ടിപ്പ് കേസ്; സരിത എസ് നായര്‍ക്ക് ആറ് വര്‍ഷം കഠിന തടവ്

single-img
27 April 2021

സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ വിവാദമായ സോളാര്‍ തട്ടിപ്പു കേസില്‍ രണ്ടാം പ്രതിയായ സരിത എസ് നായര്‍ക്ക് ആറ് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് കോടതി ശിക്ഷാ വിധി പ്രഖ്യാപിച്ചത്.

വാദം കേട്ടശേഷം സരിത കുറ്റക്കാരിയാണെന്ന് കോടതി ഇന്ന്രാവിലെ പ്രസ്താവിച്ചിരുന്നു.അതേസമയം കേസിലെ മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു. ഇതിന് പിന്നാലെ താന്‍ നിരപരാധിയെന്നും വിധിയില്‍ സന്തോഷമെന്നും മണിമോന്‍ പറഞ്ഞു.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആദ്യ കേസുകളിലൊന്നാണിത്. 2012ല്‍ കോഴിക്കോട് ജില്ലയിലെ കസബ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സരിത നായര്‍ക്കെതിരെ ചുമത്തിയ ചതി, വഞ്ചന, ഗൂഢാലോചന, ആള്‍മാറാട്ടം എന്നി കുറ്റങ്ങള്‍ തെളിഞ്ഞതായി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി കണ്ടെത്തുകയായിരുന്നു.