പ്രവാസികള്‍ക്ക് തിരിച്ചടി; ഇന്ത്യക്കാര്‍ക്ക് ഗള്‍ഫിലേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് നേപ്പാള്‍

single-img
27 April 2021

നേപ്പാളിലൂടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്രചെയ്യാനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി നേപ്പാളിന്റെ പുതിയ തീരുമാനം. ഇന്ത്യക്കാരെ തങ്ങളുടെ രാജ്യത്തിലൂടെ ഗള്‍ഫിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് നേപ്പാള്‍ ഭരണകൂടം അറിയിക്കുകയായിരുന്നു. നാളെ രാത്രി മുതല്‍ ഇത്തരം യാത്രകള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നാണ് നേപ്പാളിന്റെ നിര്‍ദ്ദേശം.

നേപ്പാളിലൂടെ വിദേശരാജ്യങ്ങളിലേക്ക് പോകാനായി നേപ്പാളിലെത്തിയ ഇന്ത്യക്കാര്‍ നേപ്പാള്‍ വിടണമെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയവും ഇന്ന് അറിയിച്ചിട്ടുണ്ട്. നേപ്പാളിലൂടെ ഗള്‍ഫിലേക്ക് പോകാനുള്ള പ്രവാസികളുടെ എന്‍ഒസി ചട്ടങ്ങളില്‍ ഇളവുവരുത്തിയതായി വിദേശ കാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

നേപ്പാളിന്റെ തലസ്ഥാനത്തുള്ള കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചിരുന്നത്. ഈ ഉറപ്പിനുശേഷം പ്രതീക്ഷയിലായിരുന്ന പ്രവാസികള്‍ക്ക് നേപ്പാളിന്റെ പുതിയ നിയന്ത്രണം വലിയ രീതിയില്‍ തിരിച്ചടിയാകുകയാണ്.