ഓക്സിജൻ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ: കേന്ദ്രസർക്കാർ

single-img
27 April 2021

രാജ്യത്തെ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാനായി ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നത് നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. രാജ്യത്തെ കൊവിഡ് സാഹചര്യം നേരിടാൻ ദേശീയ പദ്ധതി ആരാഞ്ഞ് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലത്തില്‍ ഈ പരാമർശം നടത്തിയത്.

അതേപോലെ തന്നെ വാക്സീന് വ്യത്യസ്ത വില ഈടാക്കുന്നതിലും ഓക്സിജൻ പ്രതിസന്ധിയിലും സുപ്രീംകോടതി ഇടപെട്ടിരുന്നു. നിലവിലെ പ്രതിസന്ധിയില്‍ അ‍ഞ്ചു കാര്യങ്ങളിൽ കേന്ദ്രസർക്കാർ വിശദീകരണം നല്‍കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇതില്‍ ഓക്സിജൻ ലഭ്യതയിൽ കോടതി ഇടപെടരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഈ സമയത്ത് ചിലർ രാഷ്ട്രീയം കളിക്കുകയാണെന്ന് തുഷാർ മേത്ത പറഞ്ഞു. ഓക്സിജൻ ലഭ്യത താഴ്ന്നപ്പോൾ കേരളത്തെയും തമിഴനാടിനെയും പുകഴ്ത്തുന്നത് ഇതിന് ഉദാഹരണമായി തുഷാർ മേത്ത ചൂണ്ടിക്കാട്ടിയിരുന്നു.

ഒരുപക്ഷെ വാക്സീൻ വില നിർണ്ണയത്തിലും അവസാന വാക്ക് ഇനി സുപ്രീംകോടതിയുടേതാകും. ഈ പ്രതിസന്ധി ഘട്ടത്തിൽ മൂകസാക്ഷിയാകാനാവില്ല എന്ന് വ്യക്തമാക്കിയ കോടതി വെള്ളിയാഴ്ച സ്വീകരിക്കുന്ന നിലപാട് കേന്ദ്രസർക്കാരിന് നിർണ്ണായകമാകും എന്നാണ് വിലയിരുത്തല്‍.