കോവിഡ് രോഗിയായ വയോധിക കിണറ്റില്‍ ചാടി മരിച്ചു

single-img
27 April 2021

നാദാപുരത്ത് കോവിഡ് രോഗിയായ വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ച നിലയില്‍. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന മുതുവടത്തൂര്‍ കുനിങ്ങാട് തുണ്ടിയില്‍ നാരായണിയെയാണ് വണ്ണാറത്ത് താഴ പൊതുകിണറ്റില്‍ ചാടി മരിച്ചത്. എഴുപത്തിരണ്ട് വയസായിരുന്നു. നാരായണിയും മകന്‍ നാണുവും മരുമകളും കോവിഡ് രോഗലക്ഷണത്തെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച്ച ഒന്‍പത് മണിയോടെ രാവിലെ ശാസ്വ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് നാരായണിയെ ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുപോകാനായി ആംബുലന്‍സ് കാത്തിരിക്കുന്നതിനിടയില്‍ നാരായണിയെ കാണാതാവുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പത്ത് മണിയോടെ സമീപത്തെ പൊതുകിണറ്റില്‍ നാരായണിയുടെ മൃതദേഹം കണ്ടെത്തിയത്.

പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേലക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചൊവാഴ്ച മൃതശരീരം സംസ്‌കരിക്കും. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കള്‍: ചന്ദ്രി, ബീന, നാണു. മരുമക്കള്‍: അശോകന്‍ കല്ലാച്ചി. രാജന്‍ കുനിങ്ങാട്, അനിത കോട്ടേമ്പ്രം. സഹോദരങ്ങള്‍: പരേതരായ കണാരന്‍, മാണി.