കോവിഡ് പേടിയില്‍ ആരും സഹായിച്ചില്ല; അമ്മയുടെ മൃതദേഹവുമായി ശ്മശാനത്തിലേക്ക് ബൈക്കില്‍ സഞ്ചരിച്ച് മകനും മരുമകനും

single-img
27 April 2021

ആന്ധ്രപ്രദേശില്‍ കോവിഡ് ഭീതിമൂലം ആരും സഹായത്തിന് എത്താതിരുന്നതോടെ അമ്മയുടെ മൃതദേഹം ബൈക്കിലിരുത്തിയത് 20 കിലോമീറ്റര്‍.ശ്മശാനത്തിലേക്ക് പോകുന്ന മകന്റെയും മരുമകന്റെയും വാര്‍ത്ത വലിയ ചര്‍ച്ചകള്‍ക്കാണ് സാമൂഹിക മാധ്യമങ്ങളില്‍ തുടക്കമിട്ടിരിക്കുന്നത്. ആന്ധ്രപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. അമ്പതുകാരിയായ സ്ത്രീയെ കോവിഡ് ലക്ഷണങ്ങളോടെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ആരോഗ്യനില മോശമായ ഇവര്‍ പരിശോധനാഫലം വരുന്നതിന് മുമ്പുതന്നെ മരണപ്പെടുകയായിരുന്നു.

മൃതദേഹം ശ്മശാനത്തിലെത്തിക്കുന്നതിനായി മകനും മരുമകനും ചേര്‍ന്ന് ആംബുലന്‍സുള്‍പ്പടെയുളള വാഹനങ്ങള്‍ക്കായി പലരേയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. തുടര്‍ന്ന് മൃതദേഹം ബൈക്കിന് നടുവില്‍ ഇരുത്തി ഇരുവരും ചേര്‍ന്ന് ശ്മശാനത്തില്‍ എത്തിക്കുകയായിരുന്നു. കോവിഡിനോടുളള ഭയം കാരണമാണ് ആരും മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ സഹായിക്കാതിരുന്നതെന്ന് മക്കള്‍ പറയുന്നു. ഏറെ ദുഖമുണ്ടാക്കുന്ന ചിത്രമാണിത്.